മുട്ടിൽ സൗത്ത് വില്ലേജിലെ ഈട്ടി മുറി: ഹർജികൾ മേയ് 19ലേക്ക് മാറ്റി
1540499
Monday, April 7, 2025 5:46 AM IST
കൽപ്പറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളിൽനിന്നു അനധികൃതമായി മുറിച്ചതിനെത്തുടർന്ന് പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികൾ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമർപ്പിച്ച ഹർജി ജില്ലാ അഡീഷണൽ സെഷൻസ് കോടതി മേയ് 19ലേക്ക് മാറ്റി. തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസിലെ പ്രതികളിൽപ്പെട്ട അഗസ്റ്റിൻ സഹോദരൻമാർ സമർപ്പിച്ച ഹർജിയും ഇതേ തീയതിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം കോടതി കേസ് വിളിച്ചപ്പോൾ അഗസ്റ്റിൻ സഹോദരൻമാർ കോടതിയിൽ ഹാജരായിരുന്നില്ല. തടികൾ ലേലം ചെയ്യുന്നതിനുള്ള ഹർജിയിൽ വനം വകുപ്പ് വാദം പറഞ്ഞില്ല. രണ്ട് കേസുകളിലും ഹർജിക്കാർ മതിയായ താത്പര്യം കാട്ടാത്ത സ്ഥിതിയാണുള്ളത്. തടികളുടെ സംരക്ഷണച്ചുമതല വിട്ടുകിട്ടുന്നതിനുള്ള ഹർജിക്ക് ഏകദേശം മൂന്നു വർഷമാണ് പഴക്കം.
കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തടികളുടെ സംരക്ഷണം മുൻനിർത്തി 2023 ജനുവരി ആറിന് ജില്ലാ കോടതി നൽകിയ നിർദേശങ്ങൾ വനം വകുപ്പ് പാലിച്ചിട്ടില്ല. തടികൾ മേൽക്കൂരയുള്ള ഷെഡിൽ നിലത്തുനിന്നു മതിയായ ഉയരത്തിൽ വെയിലോ മഴയോ ഈർപ്പമോ തട്ടാതെ കേസ് തീർപ്പാകുന്നതുവരെ സൂക്ഷിക്കണമെന്നായിരുന്നു കോടതി നിർദേശം.
ഉത്തരവ് തീയതി മുതൽ ഒരു മാസത്തിനകം തടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. തടികളുടെ സംരക്ഷണത്തിനു തക്കതായ നടപടികൾ സ്വീകരിക്കാതെയാണ് ലേലത്തിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ചത്.
മുട്ടിൽ സൗത്ത് വില്ലേജിൽ മുറിച്ച മരങ്ങൾ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്.
മുട്ടിൽ സൗത്ത് വില്ലേജിൽനിന്നു മുറിച്ച 231 ക്യുബിക് മീറ്റർ ഈട്ടിയാണ് കുപ്പാടി വനം ഡിപ്പോയിലുള്ളത്. മഴയും വെയിലുമേറ്റ് തടികളുടെ ഗുണനിലവാരം കുറയുകയാണ്. തടികൾ ഡിപ്പോയിലേക്ക് മാറ്റിയതിനുശേഷമുള്ള അഞ്ചാമത്തെ മഴക്കാലമാണ് വരാനിരിക്കുന്നത്. വനം വകുപ്പ് തടികൾ കണ്ടുകെട്ടിയതിനെതിരായ ഹർജി നിലവിലിരിക്കേയാണ് ഇവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ എത്തിയത്.
ഈട്ടിത്തടികൾ കണ്ടുകെട്ടിയ നടപടി അഗസ്റ്റിൻ സഹോദരൻമാരുടെ ഹർജികളിൽ കോടതി സ്റ്റേ ചെയ്തിരുന്നു. ഡിപ്പോയിൽ സൂക്ഷിച്ച തടികൾ കേസിൽ കക്ഷികളായ അഗസ്റ്റിൻ സഹോദരൻമാർ വിലയ്ക്കു വാങ്ങിയതാണെന്നു കണ്ടെത്തുന്ന സാഹചര്യം ഉണ്ടാകുന്നതു പരിഗണിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു സ്റ്റേ. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റർ ചെയ്ത ഒആർ 01/2021 മുതൽ 43/2021 വരെയുള്ള കേസുകളിൽ കുറ്റപത്ര സമർപ്പണം നടന്നിട്ടില്ല. ഇതിനു കാരണം വനം അധികൃതർ വ്യക്തമാക്കുന്നില്ല.
അനധികൃത ഈട്ടിമുറിക്കേസുകളിൽ വനം വകുപ്പിനു ശുഷ്കാന്തിയില്ലെന്ന ആക്ഷേപം ശക്തമാണ്. മേപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫീസിലെ ഒആർ 30/2007 നന്പർ കേസിൽ ഡിഎഫ്ഒ കണ്ടുകെട്ടിയ ഈട്ടിത്തടികൾ കക്ഷിയുടെ താത്കാലിക കസ്റ്റഡിയിൽ വിട്ടുകൊടുത്തിരുന്നു. തടികൾ കണ്ടുകെട്ടിയതിന് എതിരായ സിഎംഎ 10/2014 അപ്പീൽ കോടതി തള്ളി. എന്നാൽ ഇതുവരെ കക്ഷി തടികൾ വനം വകുപ്പിനെ തിരിച്ചേൽപ്പിച്ചില്ല. തടികൾ കസ്റ്റഡിയിൽ എടുക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചില്ല.
വർഷങ്ങൾ കഴിഞ്ഞിട്ടും ബോണ്ട് സംഖ്യ വസൂലാക്കുന്നതിന് വനം വകുപ്പിന്റെ ഭാഗത്ത് നീക്കം ഉണ്ടായില്ല. തടികൾ കക്ഷി ഈർന്ന് ഉരുപ്പടികളാക്കി ഉപയോഗിച്ചതായി മനസിലാക്കിയിട്ടും തുടർ നടപടി ഉണ്ടായില്ല.