രാജ്യസ്നേഹ സംഗമം നടത്തി
1540503
Monday, April 7, 2025 5:46 AM IST
കൽപ്പറ്റ: സിആർപിഎഫ് രക്തസാക്ഷി ദിനത്തിൽ മേപ്പാടി വാഴക്കണ്ടി ഉന്നതിയിൽ ’ജയ്ഹിന്ദ്’ എന്ന പേരിൽ രാജ്യസ്നേഹ സംഗമം നടത്തി.
വീരമൃത്യുവരിച്ച വാഴക്കണ്ടി ഉന്നതിയിലെ ജവാൻ വി.വി. വസന്തകുമാർ, മുംബൈയിൽ ആക്രമണം നടത്തിയ പാക്കിസ്ഥാൻ തീവ്രവാദികളെ നേരിടുന്നതിനിടെ വീരമൃത്യുവരിച്ച മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ, ആസാമിലെ പാക്കിഹാഗയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടി മൃതിയടഞ്ഞ നായിക് ഗീവർഗീസ്, വീരമൃത്യു വരിച്ച സൈനികൻ ടി.എസ്. ജെനീഷ് എന്നിവരുടെ കുടുംബാംഗങ്ങൾ ചേർന്ന് സംഗമം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലത്തിലെ വിമുക്തഭടൻമാരെ ആദരിച്ചു.
വാഴക്കണ്ടി ഉന്നതിയിലേക്ക് നിർമിച്ച ജവാൻ വസന്തകുമാർ റോഡിന്റെയും ഉന്നതിയിലെ സ്മൃതിമണ്ഡപം ചുറ്റുമതിലിന്റെയും ഉദ്ഘാടനം ടി. സിദ്ദിഖ് എംഎൽഎ നിർവഹിച്ചു.
എംഎൽഎയുടെ ആസ്തി വികസന നിധിയിൽനിന്നു അനുവദിച്ച തുക വിനയോഗിച്ച് നിർമിച്ചതാണ് റോഡും ചുറ്റുമതിലും. 2019 ഫെബ്രുവരിയിൽ ജമ്മു-കാഷ്മീരിലെ പുൽവാമയിൽ ചാവേർ ആക്രമണത്തിലാണ് ജവാൻ വി.വി. വസന്തകുമാർ വീരമൃത്യു വരിച്ചത്.