അവധിക്കാലക്യാന്പിന് തുടക്കമായി
1540874
Tuesday, April 8, 2025 6:14 AM IST
കൽപ്പറ്റ: കൽപ്പറ്റ കുട്ടികളിൽ ശാസ്ത്രബോധവും പരിസ്ഥിതി സംരക്ഷണവും വളർത്തിയെടുക്കുക എന്ന ലക്ഷ്യംവച്ചുകൊണ്ടുള്ള വേനൽക്കൂട്ട് അവധിക്കാല ശാസ്ത്ര പരിസ്ഥിതി പഠന ക്യാന്പിന് എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ തുടക്കമായി.
പരിസ്ഥിസ്തിയോടു കൂട്ടുചേർന്നുകൊണ്ട് ശാസ്ത്രം പഠിക്കുക എന്നതാണ് ഒരാഴ്ച നീണ്ടു നിൽക്കുന്ന പഠന ക്യാന്പിന്റെ ലക്ഷ്യം. വിവിധ വിഷയങ്ങളിൽ വൈദഗ്ധ്യമുള്ള ഗവേഷകരും പരിസ്ഥിതി പ്രവർത്തകരും കൃഷിക്കാരും ക്യാന്പിൽ പങ്കെടുത്തുകൊണ്ട് കുട്ടികളുമായി സംവദിക്കും.
കോഴിക്കോട് കണ്ണൂർ, കാസർഗോഡ് വയനാട് എന്നീ ജില്ലകളിൽ നിന്നുള്ള 37 കുട്ടികളാണ് ക്യാന്പിൽ പങ്കെടുക്കുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വിദ്യാർഥികൾക്ക് ഏതെല്ലാം വിധത്തിൽ പൊരുത്തപെടാൻ കഴിയുമെന്നും ഒരു ദുരന്ത പശ്ചാത്തലത്തിൽ എന്തെല്ലാം ചെയ്യാൻ കഴിയുമെന്നും കുട്ടികളെ പരിശീലിപ്പിക്കും.
കേരള വെറ്ററിനറി അനിമൽ സയൻസ് യൂണിവേഴ്സിറ്റി പ്രഫ.ഡോ ജോർജ് ചാണ്ടി ക്യാന്പ് ഉദ്ഘാടനം ചെയ്തു. എം.എസ്. സ്വാമിനാഥൻ ഗവേഷണ നിലയം മേധാവി ഡോ.വി. ഷക്കീല അധ്യക്ഷത വഹിച്ചു. ജപ്പാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന കെയ്ധാരെൻ നേച്ചർ കോണ്സെർവഷൻ ഫണ്ടിന്റെ സഹായത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡോ.കെ.യു. സാബു, ജോസഫ് ജോണ്, സുജിത് മാരാത്ത് എന്നിവർ പ്രസംഗിച്ചു.