മൂപ്പൈനാട് പഞ്ചായത്ത്: ആർ. ഉണ്ണിക്കൃഷ്ണൻ പ്രസിഡന്റാകും
1540501
Monday, April 7, 2025 5:46 AM IST
കൽപ്പറ്റ: വി.എൻ. ശശീന്ദ്രൻ രാജിവച്ച ഒഴിവിൽ കോണ്ഗ്രസിലെ ആർ. ഉണ്ണിക്കൃഷ്ണൻ മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റാകും. പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയത്തിൽ ഇന്ന് ചർച്ചയും വോട്ടെടുപ്പും നടക്കാനിരിക്കെയാണ് ശനിയാഴ്ച വൈകുന്നേരം ശശീന്ദ്രൻ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.
ആർ. ഉണ്ണിക്കൃഷ്ണനെ പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റാക്കാനാണ് കോണ്ഗ്രസ് ജില്ലാ, മണ്ഡലം നേതൃത്വത്തിന്റെ തീരുമാനമെന്നാണ് അറിയുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി നിശ്ചയിക്കുന്ന മുറയ്ക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കും.
കോണ്ഗ്രസ് ടിക്കറ്റിൽ ഭരണസമിതിയിലെത്തിയ ശശീന്ദ്രൻ പാർട്ടി ധാരണയനുസരിച്ച് മാറേണ്ട സമയം കഴിഞ്ഞും പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു. പ്രസിഡന്റ് പദവി ഒഴിയണമെന്ന് കോണ്ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും കർഷക കോണ്ഗ്രസ് ജില്ലാ പ്രസിഡന്റും കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റും ആയിരുന്ന ശശീന്ദ്രൻ കൂട്ടാക്കിയില്ല. ഇതേത്തുടർന്നു കോണ്ഗ്രസ് നേതൃത്വം ശശീന്ദ്രനെ രണ്ടരമാസം മുന്പ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു.
16 അംഗ ഭരണസമിതിയാണ് മൂപ്പൈനാട് പഞ്ചായത്തിന്. ശശീന്ദ്രൻ ഒഴികെ യുഡിഎഫിന് 10 അംഗങ്ങളുണ്ട്. ഇതിൽ ആറു പേർ മുസ്ലിംലീഗ് പ്രതിനിധികളാണ്. എൽഡിഎഫിന് അഞ്ച് അംഗങ്ങളുണ്ട്. മുസ്ലിം ലീഗിലെ എ.കെ. റഫീഖായിരുന്നു ശശീന്ദ്രനുമുന്പ് പ്രസിഡന്റ്. യുഡിഎഫ് ധാരണയനുസരിച്ച് 2023 ജൂലൈയിലാണ് റഫീഖ് പ്രസിഡന്റുസ്ഥാനം ഒഴിഞ്ഞത്. പിന്നീട് പ്രസിഡന്റ് പദവിയിലെത്തിയ ശശീന്ദ്രൻ കോണ്ഗ്രസ് ധാരണയനുസരിച്ച് 2024 ഒക്ടോബർ അഞ്ചിന് രാജിവയ്ക്കേണ്ടതായിരുന്നു.