ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം: മൂന്നാംഘട്ട പ്രവർത്തനസർവേ ജില്ലാതല ഉദ്ഘാടനം നടത്തി
1540506
Monday, April 7, 2025 5:46 AM IST
മീനങ്ങാടി: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാംഘട്ട പ്രവർത്തന സർവേ ജില്ലാതല ഉദ്ഘാടനം രാമഗിരി ഉന്നതിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു.
സാക്ഷരതാ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി. പ്രശാന്ത്കുമാർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ജി. ബേബി വർഗീസ്, മിനി സാജു, ആശാ വർക്കർ വി.പി. ആമിന, പി.വി. ജാഫർ, വാർഡ് അംഗം ടി.പി. ഷിജു എന്നിവർ പ്രസംഗിച്ചു.
ജില്ലയിൽ 100 ശതമാനം സാക്ഷരതയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മൂന്നാംഘട്ട പ്രവർത്തന ലക്ഷ്യം. കണ്ടെത്തിയ നിരക്ഷരരെ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിച്ച് സാക്ഷരതാ സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. സർട്ടിഫിക്കറ്റ് നേടിയവർക്ക് നാലാംതരം, ഏഴാംതരം, പത്താംതരം, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിൽ ചേർന്നു പഠിക്കാനും ഹയർ സെക്കൻഡറി കഴിഞ്ഞാൽ ഇന്ത്യയിലെ ഏത് യൂണിവേഴ്സിറ്റിയിലും ഡിഗ്രി പഠനം നടത്താനും അവസരം ലഭിക്കും.
സർവേയ്ക്ക് കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ, എസ്സി/എസ്ടി പ്രമോട്ടർമാർ, പ്രേരക്മാർ, ആശാ വർക്കർമാർ, തുല്യതാ പഠിതാക്കൾ, വിദ്യാർഥികൾ, മേറ്റുമാർ, സാമൂഹിക-സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരാണ് നേതൃത്വം നൽകുന്നത്.