വാഴവറ്റ എയുപി സ്കൂൾ പ്ലാറ്റിനം ജൂബിലി സമാപനം 22ന്
1515976
Thursday, February 20, 2025 4:55 AM IST
കൽപ്പറ്റ: കോഴിക്കോട് രൂപത കോർപറേറ്റ് ഏജൻസിക്കു കീഴിൽ വാഴവറ്റയിൽ പ്രവർത്തിക്കുന്ന എയുപി സ്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷം 22ന് സമാപിക്കും. സ്കൂൾ മാനേജർ ഫാ.ജയ്സണ്‍ കളത്തിപ്പറന്പിൽ, ഹെഡ്മാസ്റ്റർ വിപിൻ സേവ്യർ, ജൂബിലി കമ്മിറ്റി ചെയർമാൻ കെ.വൈ. ജോർജ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ വി.പി. വർക്കി, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ ജോസഫ് മാണിശേരി, സ്റ്റാഫ് സെക്രട്ടറി പി. മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
വൈകുന്നേരം അഞ്ചിന് കലാകേളിയോടെയാണ് പരിപാടികൾക്കു തുടക്കം. 5.30ന് സമാപന സമ്മേളനം പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും. ടി. സിദ്ദിഖ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സുവനീർ പ്രകാശനം ചെയ്യും. ജൂബിലി സ്മാരക കവാടം, ചുറ്റുമതിൽ, സ്റ്റേജ് എന്നിവയുടെ സമർപ്പണം രൂപത കോർപറേറ്റ് മാനേജർ മോണ്‍.ഡോ.ജെൻസണ് പുത്തൻവീട്ടിൽ നിർവഹിക്കും. പ്രഥമ വിദ്യാർഥി പി. ഗോവിന്ദനെയും സർവീസിൽനിന്നു വിരമിക്കുന്ന ഹിന്ദി അധ്യാപിക റൂബിയെയും ആദരിക്കും.
കോഴിക്കോട് രൂപത ചാൻസലർ ഫാ.സജീവ് വർഗീസ് ഉദിക്കാട്ടിൽ, വാഴവറ്റ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. അനിൽ മാത്യു മുഞ്ഞനാട്ട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ. ശശീന്ദ്രവ്യാസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ. ശരത്ചന്ദ്രൻ, ബത്തേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബി.ജെ. ഷിജിത,
ബ്ലോക്ക് പഞ്ചായത്തംഗം അരുണ്‍ദേവ്, പഞ്ചായത്തംഗം പി.ജി. സജീവ്, മുൻ ഹെഡ്മാസ്റ്റർ കെ.ജെ. യോഹന്നാൻ, കോർപറേറ്റ് സ്കൂൾ സെക്രട്ടറി സിസ്റ്റർ തെരസിൽഡ്, സീനിയർ അസിസ്റ്റന്റ് കെ. അന്നമ്മ, പിടിഎ പ്രസിഡന്റ് ബ്രൗണ്ടിയൻ ഷിഫാൽ ഹബി, സ്കൂൾ ലീഡർ ജൊവാന മരിയ എന്നിവർ പ്രസംഗിക്കും. വിദ്യാർഥി പ്രതിഭകളെ ആദരിക്കൽ, വിദ്യാർഥികളും പൂർവ വിദ്യാർഥികളും അവതരിപ്പിക്കുന്ന കലാപരിപാടികൾ, വയനാട് എസ്ബി കമ്മ്യൂണിക്കേഷൻസിന്റെ ഗാനമേള എന്നിവ ഉണ്ടാകും.
1947ൽ രാധാഗോപിമേനോന്റെ നേതൃത്വത്തിൽ ആരംഭിച്ച കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ എയുപി സ്കൂൾ. 1950ൽ ആണ് എലിമെന്ററി വിദ്യാലയമായി അംഗീകാരം നേടിയത്. 1959ൽ എൽപി വിഭാഗത്തിനും 1961ൽ യുപി വിഭാഗത്തിനും സ്ഥിരാംഗീകാരം ലഭിച്ചു. 1985ൽ ആണ് നിലവിലെ മാനേജ്മെന്റിനു കീഴിലായത്.
ഇപ്പോൾ 15 അധ്യാപകരും ഒരനധ്യാപക ജീവനക്കാരനും മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിൽ 14 ഡിവിഷനുകളിലായി 310 പഠിതാക്കളുമുണ്ട്. പ്രീ പ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരുണ്ട്. വിദ്യാർഥികളിൽ 45 ശതമാനം പട്ടികജാതി-വർഗ വിഭാഗങ്ങളിൽനിന്നുള്ളതാണ്. പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ചെണ്ടുമല്ലി പൂന്തോട്ടം ഒരുക്കൽ, ഗോത്ര ഉത്സവം, കാർഷിക ഉത്സവം, പൂർവവിദ്യാർഥി-അധ്യാപക സംഗമം, പുരോഹിത-സന്യസ്ത സംഗമം, വയോജനങ്ങളെ ആദരിക്കൽ, മെഡിക്കൽ ക്യാന്പ് എന്നിവ ഇതിനകം നടത്തി.