കൽപ്പറ്റ കുടുംബ കോടതിക്ക് വ്യാജ ബോംബ് ഭീഷണി
1516287
Friday, February 21, 2025 5:12 AM IST
കൽപ്പറ്റ: കുടുംബ കോടതിയിൽ ബോംബ് വച്ചതായി വ്യാജ ഇ മെയിൽ ഭീഷണി. ബോംബ് സ്ക്വാഡും പോലീസും പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. തമിഴിലാണ് സന്ദേശം ലഭിച്ചത്.
കോടതിയിൽനിന്ന് ആളുകളെ ഒഴിപ്പിക്കണമെന്നും ആർഡിഎക്സ് ഉപയോഗിക്കുമെന്നുമുള്ള അവ്യക്തമായ സന്ദേശമാണ് ലഭിച്ചത്. സന്ദേശം ജില്ലാ പോലീസ് മേധാവിക്ക് കൈമാറി. ഉടൻതന്നെ ബോംബ് സ്ക്വാഡും ഡോഗ്സ്ക്വാഡും പോലീസും കോടതിയിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. സന്ദേശം അയച്ച ഐഡി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഒരു മാസത്തിനിടെ വയനാട്ടിൽ ഇത്തരത്തിൽ മൂന്നാമത്തെ സന്ദേശമാണ് ലഭിക്കുന്നത്. പൂക്കോട് വെറ്ററിനറി സർവകലാശാലയിലും പടിഞ്ഞാറത്തറ താജ് റെസിഡൻസിയിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. അന്വേഷണത്തിൽ സന്ദേശം വ്യാജമാണെന്ന് കണ്ടെത്തി. ഇതേ സംഘം തന്നെയാണോ പുതിയ ഭീഷണിക്ക് പിന്നിലെന്നും അന്വേഷിക്കുന്നുണ്ട്.