മുത്തങ്ങ ദിനത്തിൽ ആദിവാസി പാർലമെന്റ് നടത്തും
1515552
Wednesday, February 19, 2025 4:58 AM IST
കൽപ്പറ്റ: ആദിവാസി ഗോത്രമഹാസഭയുടെയും വിവിധ പട്ടികവർഗ-ദളിത് സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിൽ മുത്തങ്ങ ദിനമായ 19ന് ബത്തേരി ടൗണ്‍ ഹാളിൽ ആദിവാസി പാർലമെന്റ് നടത്തും. 20ന് അധ്യാപക ഭവനിൽ ശിൽപശാല സംഘടിപ്പിക്കും.
രണ്ട് പരിപാടികളും രാവിലെ 10ന് ആരംഭിക്കും. വരും ദശകത്തിലേക്കുള്ള ആദിവാസികളുടെ സാമുദായിക-രാഷ്ട്രീയ അജൻഡ(വിഷൻ 2025-35) ചർച്ച ചെയ്യുന്നതിനാണ് പാർലമെന്റും ശിൽപശാലയുമെന്ന് ഗോത്രമഹാസഭ കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ അറിയിച്ചു.
തീർത്തും പിന്നാക്കം നിൽക്കുന്ന പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിന് അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗം, തൊഴിലിലും രാഷ്ട്രീയാധികാരത്തിലുമുള്ള പ്രാതിനിധ്യം എന്നീ വിഷയങ്ങൾ പാർലമെന്റ് ചർച്ച ചെയ്യും.
ആദിവാസി ഭൂമി, വനാവകാശനിയമം, ആദിവാസി സ്വയംഭരണം, വിദ്യാഭ്യാസം, തൊഴിലില്ലായ്മക്കു പരിഹാരം എന്നിവയാണ് ശിൽപശാലയിലെ മുഖ്യ പരിഗണനാവിഷയങ്ങൾ.