പുൽപ്പള്ളി ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന്
1516334
Friday, February 21, 2025 5:59 AM IST
പുൽപ്പള്ളി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണൻ അധികൃതർ തയാറാകണമെന്ന് ആവശ്യം. പാർക്ക് ചെയ്യാൻ ഇടമില്ലാത്തതിനാൽ നടപ്പാതയിൽ പോലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ കാൽനടയാത്രക്കാരും ബുദ്ധിമുട്ടുകയാണ്.
വാഹനപ്പെരുപ്പം നിയന്ത്രണാതീതമായതോടെ ടൗണിലെത്തുന്ന വാഹനങ്ങൾ നിർത്തിയിടാനിടമില്ലാത്ത സ്ഥിതിയാണ്. പ്രധാന പാതയിലെ ഇരുഭാഗത്തും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നുണ്ട്.
സ്വകാര്യ വാഹനങ്ങളുമായി ടൗണിലെത്തുന്നവർക്ക് അവ നിർത്തിയിടാൻ സ്ഥലമില്ലാത്ത പ്രശ്നവും രൂക്ഷമാണ്. രാവിലെ മുതൽ ടൗണിൽ വാഹനം നിർത്തി ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ പോയിവരുന്നവരും ഏറെയാണ്.
ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഓട്ടോകളുടെയും ടാക്സികളുടെയും മറ്റു ചരക്ക് വാഹനങ്ങളുടെയും എണ്ണം വർധിച്ചതും പാർക്ക് ചെയ്യാവുന്നവയുടെ എണ്ണം നിശ്ചയിക്കാത്തതും പാർക്കിംഗിന് ഇടമില്ലാത്ത അവസ്ഥ സൃഷ്ടിക്കുകയാണ്. ആനപ്പാറ, ചെറ്റപ്പാലം, മെയിൻ റോഡുകളിലാണ് പലപ്പോഴും ഗതാഗതക്കുരുക്കുണ്ടാകുന്നത്.
പുൽപ്പള്ളിയിൽ ഉടനടി ട്രാഫിക് ഉപദേശക സമിതി യോഗം ചേർന്ന് പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.