ബത്തേരിയിൽ ശ്രേയസ് ജീവനക്കാരുടെ സംഗമം ഇന്നും നാളെയും
1516335
Friday, February 21, 2025 5:59 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന വിഭാഗമായ ശ്രേയസിലെ ജീവനക്കാരുടെ സംഗമം ‘GALA K25’എന്ന പേരിൽ ഇന്നും നാളെയും നടത്തുമെന്ന് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ അറിയിച്ചു. ശ്രേയസ് ആസ്ഥാനത്ത് നടത്തുന്ന പരിപാടിയിൽ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, നീലഗിരി ജില്ലകളിൽനിന്നായി 250 ജീവനക്കാർ പങ്കെടുക്കും.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനാണ് തുടക്കം. സാമൂഹികസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പരിശീലനം, ഓപ്പണ്‍ ഫോറം, പുഞ്ചിരിമട്ടം ഉരുൾ ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ശ്രേയസുമായി കൈകോർത്ത ഏജൻസികളെ ആദരിക്കൽ, ശ്രേയസിൽ ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം, 2025-30 വർഷത്തെ കർമ പരിപാടികളുടെ ആസൂത്രണം എന്നിവ ഇന്ന് നടത്തും.
നാളെ രാവിലെ ഒന്‍പതിന് മോട്ടിവേഷൻ ക്ലാസിന് മാസ്റ്റർ ട്രെയിനർ ആന്റണി ജോയി നേതൃത്വം നൽകും. 11.30ന് പൊതുസമ്മേളനം ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്യും. ബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തും.
നവീകരിച്ച ശ്രേയസ് വെബ്സൈറ്റിന്റെ ലോഞ്ചിംഗ് അദ്ദേഹം നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ ടി.കെ. രമേശ് 2023-24ലെ ശ്രേയസ് വാർഷിക റിപ്പോർട്ട് പ്രകാശനം ചെയ്യും. മുനിസിപ്പൽ വൈസ് ചെയർപേഴ്സണ്‍ എൽസി പൗലോസ്, ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ്, മുനിസിപ്പൽ കൗണ്‍സിലർ രാധ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.