വരൾച്ചാ പ്രതിരോധം ഒരുക്കാൻ നടപടി വേണമെന്ന്
1515554
Wednesday, February 19, 2025 4:58 AM IST
പുൽപ്പള്ളി: വേനൽ ആരംഭിച്ചതോടുകൂടി മുള്ളൻകൊല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ അതിരൂക്ഷമായ വരൾച്ചയാണ് അനുഭവപ്പെടുന്നത്. വരൾച്ചയെ പ്രതിരോധിക്കാൻ പഞ്ചായത്തിന്റെയും ജലസേചന വകുപ്പിന്റെയും കീഴിൽ പണിത മിക്കതടയണകൾക്കും ചീർപ്പ് ഇല്ലാത്തതിനാൽ ജലം ഒഴുകി പോകുകയാണെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി കുറ്റപ്പെടുത്തി.
ലക്ഷങ്ങൾ മുടക്കി നിർമിച്ച മിക്ക തടയണകളും കാഴ്ചവസ്തുക്കളായി മാറി. തടയണകളിൽ അടിയന്തരമായി ജലം സംഭരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം. ഏതാനും ആഴ്ചകൾ കഴിഞ്ഞാൽ നീരൊഴുക്ക് നിലയ്ക്കും.
വേനൽ തുടങ്ങിയപ്പോൾ തന്നെ പഞ്ചായത്തിന്റെ മിക്ക ഭാഗങ്ങളും കടുത്ത വരൾച്ച നേരിടുകയാണ്. കാർഷിക വിളകൾ ഇത്തവണയും ഉണങ്ങുന്ന സ്ഥിതിയാണ്. കുടിവെള്ള ലഭ്യതയും വരൾച്ചാ പ്രതിരോധവും ലക്ഷ്യമാക്കി അധികാരികൾ എത്രയും പെട്ടെന്ന് ഉണർന്ന് പ്രവർത്തിക്കണമെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. സദാശിവൻ കളത്തിൽ, രഞ്ജിത് ഇടമല, ജോബിഷ് മാവുടി, പി.എൻ. സന്തോഷ്, കുമാരൻ പൊയ്ക്കാട്ടിൽ, പി.കെ. മോഹനൻ, സണ്ണി ചോലിക്കര എന്നിവർ പ്രസംഗിച്ചു.