ആശാ വർക്കർമാരെ ആരോഗ്യവകുപ്പിലെ ജീവനക്കാർക്ക് തുല്യമായി പരിഗണിക്കണം: പി.പി. ആലി
1516344
Friday, February 21, 2025 6:05 AM IST
കൽപ്പറ്റ: കേരളത്തിലെ ആരോഗ്യരംഗം നിലനിർത്താനായി കഠിനാധ്വാനം ചെയ്യുന്ന ആശാ വർക്കർമാരെ പക്ഷപാതപരമായി കാണുന്നത് അവസാനിപ്പിച്ച് ആരോഗ്യ ജീവനക്കാരായി അവരെയും പരിഗണിച്ച് ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ വേതനവും ആനുകൂല്യങ്ങളും ആശാവർക്കർമാർക്കും ലഭ്യമാക്കണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്പി.പി.ആലി പറഞ്ഞു.
ഓൾ കേരള പ്രദേശ് ആശ വർക്കേഴ്സ് കോണ്ഗ്രസ് (ഐഎൻടിയുസി)ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചും അവകാശ പത്രിക സമർപ്പണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പി.പി. ആലി.
യൂണിയൻ ജില്ലാ പ്രസിഡന്റും മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീദേവി ബാബു അധ്യക്ഷത വഹിച്ചു.
ബി. സുരേഷ് ബാബു, ജ്യോതിഷ് കുമാർ വൈത്തിരി, കെ.കെ. രാജേന്ദ്രൻ, ആർ. ഉണ്ണികൃഷ്ണൻ, രാധാരാമസ്വാമി, കെ. അജിത, സീതാവിജയൻ, ഡോളി ജോസഫ്, പി. രാജാറാണി, കെ. റീന, എസ്. ജയശ്രീ, നോറിസ് മേപ്പാടി തുടങ്ങിയവർ പ്രസംഗിച്ചു.