പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ രാപകൽ സമരവുമായി എൽഡിഎഫ്
1516330
Friday, February 21, 2025 5:59 AM IST
കൽപ്പറ്റ: എൽഡിഎഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ന്യൂഡൽഹിയിൽ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ രാപകൽ സമരം നടത്തും.
24ന് രാവിലെ 10 മുതൽ 25ന് രാവിലെ പത്തുവരെയാണ്സമരം നടത്തുകയെന്ന് എൽഡിഎഫ് ജില്ലാ കണ്വീനർ സി.കെ. ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു, എൻസിപി സംസ്ഥാന സെക്രട്ടറി സി.എം. ശിവരാമൻ, സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ഷാജി ചെറിയാൻ, ആർജെഡി ജില്ലാ പ്രസിഡന്റ് ഡി. രാജൻ, കേരള കോണ്ഗ്രസ്-ബി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ അറയിച്ചു.
ജില്ലയിൽനിന്നു 159 എൽഡിഎഫ് പ്രവർത്തകരും പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരിൽ ആറ് പേരും പങ്കെടുക്കും. ഇടതുപക്ഷ എംപിമാരും പങ്കെടുക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 24ന് വൈകുന്നേരം ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രകടനവും വിശദീകരണയോഗവും നടത്തും.
പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതരോടുള്ള അവഗണന അവസാനിപ്പിക്കുക, ദുരന്തനിവാരണത്തിന് സംസ്ഥാനം ആവശ്യപ്പെട്ട 2,000 കോടി രൂപ അനുവദിക്കുക, ദുരന്തബാധിതരുടെ കടം എഴുതിത്തള്ളുക, 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുക, വന്യമൃഗ പ്രതിരോധത്തിന് ആയിരം കോടി രൂപ അനുവദിക്കുക,
നിലന്പൂർ-നഞ്ചൻഗോഡ്, തലശേരി-മൈസൂരു റെയിൽ പദ്ധതികൾ നടപ്പാക്കുക, വനം, റവന്യു വകുപ്പുകൾ സംയുക്ത സർവേ പൂർത്തിയാക്കിയ പ്രദേശങ്ങളിൽ കൈവശ കർഷകർക്ക് പട്ടയം അനുവദിക്കുന്നതിന് അനുമതി നൽകുക, ദേശീയപാതയിലെ രാത്രിയാത്രാ നിരോധനം നീക്കുന്നതിന് ഇടപെടുക, ചുരം ബദൽ റോഡുകൾക്ക് അനുമതി നൽകുക തുടങ്ങിയവയാണ് സമരാവശ്യങ്ങൾ.
ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചിട്ടും കേന്ദ്ര ബജറ്റിൽ പൂർണമായും തള്ളി. ദുരന്തബാധിത പ്രദേശങ്ങളിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി വാർത്തകളിൽ നിറഞ്ഞതല്ലാതെ യാതൊരു സഹായവും കേരളത്തിന് അനുവദിച്ചില്ല. സംസ്ഥാനത്തോടുള്ള രാഷ്ട്രീയ വിവേചനം ദുരന്തത്തിലും തുടർന്നു. ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാൻ നടപടി സ്വീകരിക്കണമെന്ന് കേരളം നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
ഉരുൾപൊട്ടലിനെ അഞ്ചുമാസം കഴിഞ്ഞാണ് അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത്. പ്രഖ്യാപനം വൈകിയതിനാൽ രാജ്യാന്തരതലത്തിൽ ലഭിക്കുമായിരുന്ന സഹായങ്ങൾ നഷ്ടപ്പെട്ടു. ഒടുവിൽ 529.50 കോടി രൂപ വായ്പ അനുവദിച്ചപ്പോൾ മാർച്ച് 31നകം വിനിയോഗിക്കണമെന്ന അപ്രായോഗിക നിർദേശം വച്ചു. ദുരന്തബാധിതർക്കും സംസ്ഥാനത്തിനും ഗുണം ലഭിക്കരുതെന്ന ലക്ഷ്യമാണ് ഉപാധിവച്ച് വായ്പ അനുവദിച്ചതിനു പിന്നിലെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.