സ്വരാജ് ട്രോഫി: മീനങ്ങാടിയുടേത് കൂട്ടായ പരിശ്രമത്തിന്റെ നേട്ടമെന്ന് പഞ്ചായത്ത് പ്രസിഡന്റ്
1515968
Thursday, February 20, 2025 4:53 AM IST
മീനങ്ങാടി: സ്വരാജ് ട്രോഫിയിൽ ജില്ലയിൽ മീനങ്ങാടി പഞ്ചായത്ത് വീണ്ടും ഒന്നാം സ്ഥാനം നേടിയതിനു പിന്നിൽ സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും കഠിനാധ്വാനവും ആത്മസമർപ്പണവുമാണെന്ന് പ്രസിഡന്റ് കെ.ഇ. വിനയൻ പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കാര്യക്ഷമമായ നിർവഹണത്തിനുള്ള മഹാത്മാപുരസ്കാരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും മീനങ്ങാടി പഞ്ചായത്തിനാണ്.
ജനറൽ, എസ്സിപി, ടിഎസ്പി പദ്ധതി നിർവഹണത്തിലും നികുതിപിരിവിലും ഉയർന്ന നേട്ടം കൈവരിച്ചതും ഗ്രാമസഭ, സ്റ്റാൻഡിംഗ് കമ്മിറ്റി, ഭരണസമിതി യോഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും യോഗങ്ങൾ എന്നിവയുടെ സംഘാടനം, വാതിൽപ്പടി മാലിന്യശേഖരണത്തിലെ മികവ്, നൂതന പദ്ധതികളുടെ നിരവഹണം, തൊഴിലുറപ്പ് പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവയാണ് മീനങ്ങാടിക്ക് വീണ്ടും സ്വരാജ് ട്രോഫി നേടിക്കൊടുത്തത്.
സമഗ്ര വയോജന ആരോഗ്യം, മാലിന്യ നിർമാർജനം, സ്മാർട്ട് ഫർണിച്ചർ ക്ലാസ് റൂം, ജീവിതമാണ് ലഹരി, കാലാവസ്ഥ സാക്ഷരത, പ്രാദേശിക സാന്പത്തിക വികസനം, ഓക്സിജൻ പാർക്ക്, പച്ചത്തുരുത്ത്, മെൻസ്ട്രൽ കപ്പ്, ജീവിതശൈലി രോഗപ്രതിരോധം, വനിതകൾക്ക് എച്ച്പിവി കാൻസർ പ്രതിരോധ വാക്സിൻ കുത്തിവയ്പ്പ്, ഈ ഗുരുകുലം തുടങ്ങിയവ പഞ്ചായത്ത് വിജയകരമായി നടപ്പാക്കിയ പദ്ധതികളാണെന്നും പ്രസിഡന്റ് പറഞ്ഞു.
ഗ്ലോബൽ എക്സ്പോയിലെ മികച്ച ഹരിത കർമസേനയ്ക്കുള്ള പുരസ്കാരം, സംസ്ഥാനത്തെ പ്രഥമ മികച്ച ജാഗ്രതാസമിതിക്കുള്ള പുരസ്കാരം, ചെറുകിട വ്യവസായ സംരംഭത്തിനു വ്യവസായ വകുപ്പിന്റെ അംഗീകാരം, നവകേരള പുരസ്കാരം എന്നിവ മീനങ്ങാടിക്കു ലഭിച്ചിട്ടുണ്ട്. കാർബണ്‍ തുലിത പ്രവർത്തനങ്ങളുടെ ഗ്രാമീണ മാതൃകയ്ക്ക് പ്രഥമ കാർബണ്‍ ന്യൂട്രൽ വിശേഷാൽ പുരസ്കാരവും ഒരു കോടി രൂപയും മീനങ്ങാടിക്കാണ് ലഭിച്ചത്.