കുരങ്ങുശല്യം രൂക്ഷം: തിരിഞ്ഞു നോക്കാതെ വനംവകുപ്പ്
1516288
Friday, February 21, 2025 5:12 AM IST
പുൽപ്പള്ളി: മേഖലയിലെ വനാതിർത്തി പ്രദേശങ്ങളിലും ജനവാസകേന്ദ്രങ്ങളിലും കുരങ്ങ് ശല്യം രൂക്ഷമായി. കുരങ്ങുകളെ തുരത്തുന്നതിനാവശ്യമായ നടപടി വനം വകുപ്പ് സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയും ഉയർന്നു.
വനത്തിൽ നിന്ന് കൂട്ടമായി എത്തുന്ന വാനരൻമാർ കഴിഞ്ഞ രണ്ടാഴ്ച്ചയായി വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകളാണ് വ്യാപകമായി നശിപ്പിക്കുന്നത്. പാളക്കൊല്ലിയിലെ നിരവധി കർഷകരുടെ വാഴ ഉൾപ്പടെ വ്യാപകമായി പിഴുതു നശിപ്പിച്ചു. പുലർച്ചെ എത്തുന്ന വാനരസംഘം കൃഷിയിടത്തിലിറങ്ങിയാൽ പാട്ടകൊട്ടിയാലോ ശബ്ദമുണ്ടാക്കിയാലോ പോകാത്ത അവസ്ഥയാണ്.
ശല്യക്കാരായ വാനര സംഘങ്ങളെ പിടികൂടി ഉൾവനത്തിൽ വിടണമെന്നാവശ്യപ്പെട് വനം വകുപ്പ് അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു നടപടിയുമില്ലന്നാണ് കർഷകർ പറയുന്നത്.
സ്ഥലം പാട്ടത്തിനെടുത്തും വായ്പയെടുത്തും കൃഷി ചെയ്തവരാണ് ഏറെ ബുദ്ധിമുട്ടിലായത്. കൃഷി നശിപ്പിക്കുന്നതിനു പുറമേ വീടിനുള്ളിൽ കയറി ഭക്ഷ്യധാന്യങ്ങൾ കൊണ്ട് പോകുന്നതും കുടിവെള്ള ടാങ്കിൽ ഇറങ്ങുന്നതും വ്യാപകമായിരിക്കുകയാണ്.
മുള്ളൻകൊല്ലി, ഉദയക്കര, വേലിയന്പം, കണ്ടാമല, മൂഴിമല പരിസര പ്രദേശങ്ങളിലും വാനര സംഘങ്ങളുടെ ശല്യം വർധിച്ചിരിക്കുകയാണ്. സാധാരാണ വനാതിർത്തി മേഖലയിൽ ഉണ്ടായിരുന്ന വാനര സംഘങ്ങളുടെ ശല്യം ടൗണ്‍ പരിസരങ്ങളിലും വ്യാപകമായിരിക്കുകയാണ്. ശല്യക്കാരായ കുരങ്ങുകളെ കൂട്വച്ച് പിടികൂടി ഉൾവനത്തിലേക്ക് മാറ്റാൻ നടപടി വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.