പുനരധിവാസ ടൗണ്‍ഷിപ്പ്: ആദ്യ പരിഗണന എൻസ്റ്റൻ എസ്റ്റേറ്റ്
1516326
Friday, February 21, 2025 5:59 AM IST
കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന് ആദ്യം പരിഗണിക്കുന്നത് എൽസണ്‍ എസ്റ്റേറ്റ് ആണെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.
കൽപ്പറ്റ നഗരസഭയിലെ എസ്റ്റേറ്റ് മാത്രമാകും ആദ്യഘട്ടത്തിൽ ഏറ്റെടുക്കുക. ഗുണഭോക്താക്കളുടെ എണ്ണം കണക്കിലെടുത്താണിത്. നിലവിൽ 242 പേരുള്ള ആദ്യ ഗുണഭോക്തൃ പട്ടികയാണ് പുറത്തുവന്നത്. രണ്ട് പട്ടിക കൂടി വരാനുണ്ട്.
ദുരിത മേഖലയിലെ ഒറ്റപ്പെട്ട വീടുകളിൽ ഉള്ളവരെ പുനരധിവസിപ്പിച്ചാനുള്ള പട്ടികയാണ് അടുത്തത്. രണ്ടു പട്ടികയും പുറത്തുവരുന്നതോടെ എണ്ണത്തിൽ വ്യക്തത വരും.
ടൗണ്‍ഷിപ്പിൽ നിന്ന് ഒഴിവാക്കുന്നവർക്ക് 15 ലക്ഷം രൂപയാണ് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം. ഇതിനു തയാറാകുന്നവർ വിട്ടുപോകുന്നതോടെ ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ പട്ടിക വീണ്ടും ചുരുങ്ങാനാണ് സാധ്യത.
കൽപ്പറ്റയിൽ മാത്രം 500 വീടുകൾ നിർമിക്കാമെന്നാണ് കണക്കു കൂട്ടുന്നത്. മേപ്പാടി പഞ്ചായത്തിലെ നെടുന്പാല എസ്റ്റേറ്റ് ഏറ്റെടുക്കുന്ന കാര്യം അന്തിമ പട്ടിക തയാറായ ശേഷമായിരിക്കും തീരുമാനിക്കുക.