മുത്തങ്ങ ഭൂസമരം: 22-ാം വാർഷികം ആചരിച്ചു
1516327
Friday, February 21, 2025 5:59 AM IST
സുൽത്താൻ ബത്തേരി: മുത്തങ്ങ ഭൂസമരത്തിന്റെ 22-ാം വാർഷികം ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ ആചരിച്ചു. മുത്തങ്ങ തകരപ്പാടിയിൽ ഒത്തുചേർന്ന ആദിവാസി-ദളിത് സമൂഹം, ഭൂസമരത്തിനിടെ വെടിയേറ്റുമരിച്ച ജോഗിയുടെ ഓർമ പുതുക്കി. ജോഗി സ്മാരകത്തിനു മുന്നിൽ ദീപം തെളിയിച്ചു.
കാര്യന്പാതി ചന്ദ്രന്റെ നേതൃത്വത്തിൽ പൂജ നടന്നു. ജോഗിയുടെ ചിത്രത്തിൽ ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ, മുത്തങ്ങ ഭൂസമരനായിക സി.കെ. ജാനു, രമേശൻ കൊയിലിപ്പുര, മണിക്കുട്ടൻ, ഗോപാലൻ, ബാബു കാര്യന്പാതി, ജനാർദനൻ തുടങ്ങിയവർ പുഷ്പാർച്ചന നടത്തി. മുത്തങ്ങ ഭൂസമര അനുസ്മരണം ഗീതാനന്ദനും ജോഗി അനുസ്മരണം സി.കെ. ജാനുവും നടത്തി.
ഇതിനുശേഷം വിവിധ ആദിവാസി-ദളിത് സംഘടനകളുടെ നേതൃത്വത്തിൽ മുൻസിപ്പൽ ടൗണ്ഹാളിൽ ആദിവാസി പാർലമെന്റ് നടത്തി.
ഭരണാധികാരികളെ ഗോത്രജനത തീരുമാനിക്കും: എം. ഗീതാനന്ദൻ
സുൽത്താൻ ബത്തേരി: സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഗോത്രജനത കൃത്യമായി ഇടപെടൽ നടത്തുമെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓർഡിനേറ്റർ എം. ഗീതാനന്ദൻ. മുത്തങ്ങ ഭൂസമരത്തിന്റെ 22-ാം വാർഷികാചരണത്തിന്റെ ഭാഗമായി ഗോത്രമഹാസഭ മുത്തങ്ങ തകരപ്പാടിയിൽ സംഘടിപ്പിച്ച ജോഗി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ത്രിതല പഞ്ചായത്ത്, മുനിസിപ്പൽ വാർഡുകളിലും നിയമസഭാമണ്ഡലങ്ങളിലും ആരെല്ലാം ജയിക്കണമെന്ന് ഗോത്രജനത തീരുമാനിക്കും. മുത്തങ്ങ ഭൂസമരം ആദിവാസി-ദളിത് വിഭാഗങ്ങളുടെ മുന്നേറ്റത്തിന് സഹായകമായി. ദേശീയതലത്തിൽ നടന്ന പട്ടികവർഗ ഭൂസമരങ്ങളിൽ പ്രധാനപ്പെട്ടതാണ് മുത്തങ്ങയിലേത്.
സംസ്ഥാനത്ത് അനേകം ആദിവാസി കുടുംബങ്ങൾക്ക് ഭൂമി ലഭിക്കാൻ മുത്തങ്ങ സമരം ഉതകി. ഭൂസമരം ഇനി അടുത്ത ഘട്ടത്തിലേക്കാണ് കടക്കുന്നത്. ഇതിന്റെ ഭാഗമായി 10 വർഷത്തേക്കുള്ള പദ്ധതിയാണ് ആദിവാസി-ദളിത് പ്രസ്ഥാനങ്ങൾ തയാറാക്കുന്നത്. ഇത് പ്രാവർത്തികമാകുന്നതോടെ ആദിവാസി-ദളിത് ജീവിതത്തിൽ വലിയ ചലനങ്ങൾ ഉണ്ടാകുമെന്നും ഗീതാനന്ദൻ പറഞ്ഞു.
കേസുകൾ തുടരുന്നത് മനുഷ്യാവകാശ ലംഘനം: സി.കെ. ജാനു
സുൽത്താൻ ബത്തേരി: മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസുകൾ 22 വർഷമായിട്ടും തുടരുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മുത്തങ്ങ ഭൂസമരനായിക സി.കെ. ജാനു.
മുത്തങ്ങ തകരപ്പാടിയിൽ ജോഗി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. ജനിച്ച മണ്ണിൽ മരിക്കാനുള്ള അവകാശത്തിനു ഗോത്രജനത നടത്തിയ പോരാട്ടമായിരുന്നു മുത്തങ്ങയിലേത്. ഇതിനെതിരേ എടുത്ത കേസുകൾ ഇനിയും തീർപ്പാകാത്തത് ആദിവാസി സമൂഹത്തോടുള്ള സർക്കാരിന്റെയും രാഷ്ട്രീയപ്പാർട്ടികളുടെയും മനോഭാവമാണ് പ്രകടമാക്കുന്നത്.
രാഷ്ട്രീയപ്പാർട്ടികൾക്കുപോലും മുത്തങ്ങ സമരത്തിന്റെ മുദ്രാവാക്യം ഏറ്റെടുക്കേണ്ടിവന്നു. എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും തലചായ്ക്കാൻ ഒരു തുണ്ട് ഭൂമി എന്ന ലക്ഷ്യം നിറവേറണമെങ്കിൽ സമരം ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ടെന്നും ജാനു പറഞ്ഞു.