ബജറ്റ് വിഹിതം ബ്രഹ്മഗിരി ഇരകൾക്ക് വിതരണം ചെയ്യണം: മുസ്ലിം ലീഗ്
1512745
Monday, February 10, 2025 5:15 AM IST
സുൽത്താൻ ബത്തേരി: സംസ്ഥാന ബജറ്റിൽ ബ്രഹ്മഗിരി സോസൈറ്റിയുടെ കീഴിൽ പ്രവർത്തനം നടന്നു വന്നിരുന്ന മാംസ സംസ്കരണ ഫാക്ട്ടറി പുനരുജ്ജീവിപ്പിക്കാനെന്ന പേരിൽ വീണ്ടും ഒരു പത്ത് കോടി രൂപ കൂടി മാറ്റിവച്ചിരിക്കുന്ന സാഹചര്യത്തിൽ എത്ര കോടികൾ ചെലവഴിച്ചാലും ലാഭത്തിലെത്താൻ ഒരു കാരണവശാലും കഴിയില്ലെന്നുറപ്പുള്ള സാഹചര്യം കണക്കിലെടുത്ത് മേൽതുക സിപിഎം നേതാക്കളാൽ വഞ്ചിക്കപ്പെട്ട സാധുക്കളായ നിക്ഷേപകർക്ക് വീതംവച്ച് നൽകണമെന്ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
നാലഞ്ചു വർഷമായി പൂട്ടിക്കിടക്കുന്ന ബ്രഹ്മഗിരി ഫാക്ട്ടറി കാടുമൂടിയും യന്ത്രങ്ങളെല്ലാം തുരുന്പെടുത്തും ഒൗട്ലെറ്റുകളെല്ലാം നഷ്ടപ്പെട്ടും പൂർണമായും അന്യാധീനപ്പെട്ട അവസ്ഥയിൽ എത്ര കോടികൾ മുടക്കിയാലും പുണരുജ്ജീവിപ്പിക്കാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാമെന്നിരിക്കെ ബജറ്റിൽ പ്രഖ്യാപിച്ച പത്ത് കോടി സിപിഎം നേതാക്കൾ പോക്കറ്റിലാക്കുമെന്നും മുസ്ലിം ലീഗ് ആരോപിച്ചു.
പലതരത്തിലുള്ള മോഹന വാഗ്ദാനങ്ങൾ നൽകിയും വലിയ ലാഭപ്രതീക്ഷ നൽകിയും കേരളത്തിലുടനീളം നടന്നുകൊണ്ടിരിക്കുന്ന വിവിധതരം തട്ടിപ്പുകളിലൊന്നായിരുന്നു ബ്രഹ്മഗിരി സോസൈറ്റിയും.
നിക്ഷേപകർക്ക് നേരിട്ട് വിതരണം ചെയ്യാനല്ലാത്ത എന്താവശ്യത്തിന് പണം വകമാറ്റിയാലും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. എം. അസൈനാർ അധ്യക്ഷത വഹിച്ചു. സി.കെ. ഹാരിഫ്, ടി. മുഹമ്മദ്, പി.പി. അയൂബ്, അബ്ദുള്ള മാടക്കര, ഷബീർ അഹമ്മദ്, വി. ഉമ്മർ ഹാജി, മുസ്തഫ കണ്ണോത്ത്, സി.പി. മുനീർ എന്നിവർ പ്രസംഗിച്ചു.