അരക്കോടിയോളം വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1513013
Tuesday, February 11, 2025 4:23 AM IST
സുൽത്താൻ ബത്തേരി: മൈസൂരുവിൽ നിന്നും മലപ്പുറം മഞ്ചേരി ഭാഗത്തേക്ക് പച്ചക്കറി ലോഡിന്റെ മറവിൽ മിനിലോറിയിൽ കടത്തിക്കൊണ്ടു വരികയായിരുന്ന അരക്കോടിയോളം രൂപ കന്പോള വിലയുള്ള നിരോധിത പുകയില ഉത്പന്നമായ ഹാൻസ് മുത്തങ്ങയിൽ പിടികൂടി.
180 ചാക്കുകളിലായി 2700 കിലോഗ്രാം ഹാൻസാണ് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ അധികൃതർ പിടികൂടിയത്. 81,000 ചെറിയ പാക്കറ്റുകളിലാക്കി ചാക്കിൽ നിറച്ചാണ് പച്ചക്കറികൾ കൊണ്ടുപോകുന്ന മിനി ലോറിയിൽ ഹാൻസ് കടത്താൻശ്രമിച്ചത്.
ഹാൻസ് വ്യാവസായിക അടിസ്ഥാനത്തിൽ പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന റാപ്പർ 10 റോൾ, 60 ബണ്ടിൽ പ്രിന്റഡ് പാക്കിംഗ് കവറുകൾ എന്നിവയും പിടിച്ചെടുത്തു. ഹാൻസ് കടത്തിയ വാളാട് സ്വദേശിയും മാനന്തവാടിയിൽ വാടകയ്ക്ക് താമസിക്കുന്ന നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസ് (28)നെ എക്സൈസ് ഇൻസ്പെക്ടർ എൻ. സന്തോഷും സംഘവും കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസർമാരായ എം.കെ. സുരേന്ദ്രൻ, കെ.ജി. വിജിത്ത്, സിവിൽ എക്സൈസ് ഓഫീസർ പി.കെ. ചന്ദ്രൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. തുടരന്വേഷണത്തിനായി ഹാൻസ് കടത്തിയ കഐൽ 11 ബിടി 2260 മിനിലോറിയും പ്രതിയേയും ബത്തേരി പോലീസിന് കൈമാറി.