വനം വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണം: ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ്
1511093
Tuesday, February 4, 2025 8:18 AM IST
മാനന്തവാടി: വനം വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും വന്യമൃഗശല്യം കൊണ്ട് ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ വേണമെന്നും ദുരന്തമുണ്ടാകുന്ന സമയത്ത് നൽകുന്ന വാഗ്ദാനങ്ങൾ പലതും നടപ്പിലാകുന്നില്ലെന്നും സിബിസിഐ വൈസ് പ്രസിഡന്റും ബത്തേരി ബിഷപ്പും കർഷക മിത്രം രക്ഷാധികാരിയുമായ ഡോ. ജോസഫ് മാർ തോമസ് പറഞ്ഞു.
കടുവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട പഞ്ചാരകൊല്ലി രാധയുടെ വീട്ടിൽ സന്ദർശനം നടത്തി കുടുംബാംഗങ്ങളെ അശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ഉന്നത അധികാരികൾ അനാസ്ഥ കാണിക്കുന്നതായി വ്യാപകമായ പരാതികൾ ഉയരുകയാണ്.
ഇതിന് നടപടി വേണം. പ്രഖ്യാപനങ്ങളല്ല വേണ്ടത്. തീരുമാനങ്ങൾ നടപ്പാക്കണം. വന്യമൃഗശല്യം രൂക്ഷമായതുകൊണ്ട് കർഷകർക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയാണ്. വന്യമൃഗപ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമാക്കുകയും പുതിയത് ഏർപ്പെടുത്തുകയും വേണം. ഇനിയും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഒരു ജീവൻ പോലും നഷ്ടപ്പെടൻ പാടില്ല.
മുഖ്യമന്ത്രി വനം വകുപ്പ് ഏറ്റെടുത്ത് വയനാട്ടിൽ കാര്യമായ ഇടപെടൽ നടത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. വയനാട്ടിൽ നഗരങ്ങളിൽ പോലും വന്യമൃഗശല്യം ഏറിവരികയാണ്. ഇത് പരിഹരിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒന്നിച്ച് ക്രിയാത്മക നടപടികൾ സ്വീകരിക്കണം. കർഷക മിത്രം ചെയർമാൻ പി.എം. ജോയി, ഡോ.പി. ലക്ഷ്മണൻ, വി.എം. വർഗീസ്, വി. ഉമ്മർഹാജി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടയിരുന്നു.