സ്വയം സന്നദ്ധ പുനരധിവാസം; അശാസ്ത്രീയ നടപടി കർഷകർക്ക് തിരിച്ചടിയാകുന്നു
1511091
Tuesday, February 4, 2025 8:18 AM IST
സുൽത്താൻ ബത്തേരി: റീ ബിൽഡ് കേരള സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം ഭൂമി വനം വകുപ്പിന് വിട്ടുനൽകി ഒഴിഞ്ഞു പോകാൻ തയാറായി നിൽക്കുന്ന കർഷകർക്ക് അധികൃതരുടെ അശാസ്ത്രീയമായ നടപടി തിരിച്ചടിയാകുന്നു.
വിട്ടുനൽകുന്ന സ്ഥലത്ത് വീട് വച്ച് താമസമില്ല എന്ന കാരണം പറഞ്ഞാണ് പുനരധിവാസ പദ്ധതി പ്രകാരം നൽകുന്ന തുകയ്ക്കുള്ള അർഹത നഷ്ടപ്പെടുന്നത്. ഇത്തരത്തിൽ സ്വയം സന്നദ്ധ പുനരധിവാസ കേന്ദ്രത്തിൽ നിരവധി കർഷകരാണ് ഉണ്ടായിരുന്ന കൃഷിഭൂമി വിട്ടുനൽകാൻ അനുമതിപത്രം നൽകിയ ശേഷം പണം കിട്ടാതെ ബുദ്ധിമുട്ടുന്നത്.
നൂൽപ്പുഴയിലെ വനാന്തരഗ്രാമമായ കുണ്ടൂരിൽ റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടത്തിയ സ്വയം സന്നദ്ധ പ്രദേശത്ത് പതിനഞ്ച് കുടുംബങ്ങളാണ് ഇങ്ങനെ വഞ്ചിതരായി ദുരിതമനുഭവിക്കുന്നത്. ഒരു ഏക്കർ മുതൽ അഞ്ച് ഏക്കർ വരെ ഭൂമിയുള്ള കർഷകരാണ് ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നത്. വനഗ്രാമമായ കുണ്ടൂരിൽ ഗോത്രവിഭാഗങ്ങളും വയനാടൻ ചെട്ടി സമുദായത്തിൽപ്പെട്ടവരുമാണ് താമസിക്കുന്നത്.
ഇരുപത്തിയഞ്ചോളം ജനറൽ വിഭാഗത്തിൽപ്പെട്ടവരും പത്ത് ഗോത്ര വിഭാഗങ്ങളുമാണ് ഇവിടെ താമസിക്കുന്നത്. ഇതിൽ ഗോത്രവിഭാഗങ്ങളൊഴിച്ചുള്ള എല്ലാവരും പുനരധിവാസത്തിന് തയാറായി എഴുതികൊടുത്തതാണ്. ഇതിൽ ഏഴ് കുടുംബങ്ങൾക്കുള്ള തുക നൽകി. യോഗ്യത കുടുംബത്തിന്റെ കണക്കിലുള്ള രണ്ട് പേർക്ക് ഇനി തുക കിട്ടാനുണ്ട്.
എന്നാൽ കണക്കെടുപ്പിന് വന്നപ്പോൾ ഇവിടെ സ്ഥലമുള്ള പതിനഞ്ച് കുടുംബങ്ങൾ ഇവിടെ വീട് വച്ച് താമസിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് ഇവർക്കുള്ള തുക നൽകാതെ പിടിച്ചുവച്ചത്. സജി കുന്നത്ത്ശേരി, അച്ചുതൻചെട്ടി, ശ്രീധരൻ നെല്ലിപ്പുര, ബാലൻ നെല്ലിപ്പുര, പുതിയപുര കൃഷ്ണൻ ചെട്ടി, ദാമോദരൻ, ഗോവിന്ദൻ, ജയപ്രകാശ് കോഴിക്കോട് തുടങ്ങി പതിനഞ്ചോളം പേർക്കാണ് സ്ഥലത്ത് താമസമില്ലെന്ന് പറഞ്ഞ് അധികൃതർ തുക നൽകാത്തത്.
കുണ്ടൂരിൽ ഭൂമിയുള്ളതും പുനരധിവാസത്തിന് തയാറാണെന്ന് പറഞ്ഞ് എഴുതി കൊടുത്ത മുഴുവൻ ആളുകൾക്കും യോഗ്യത കുടുംബമായി പരിഗണിച്ച് കുടുംബം ഒന്നിന് 15 ലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
കുണ്ടൂരിലെ താമസക്കാർ ഇവിടെ നിന്നുപോയതോടെ പ്രദേശം ഇപ്പോൾ വനമായി മാറി. വീട് വച്ച് താമസമില്ലാതെ കൃഷിമാത്രം ചെയ്തു വന്ന 15 ഓളം കർഷകരുടെ ഭൂമിയും വനമായി മാറി. താമസക്കാരായ കർഷക കുടുംബങ്ങൾക്ക് പണം നൽകി പുനരധിവസിപ്പിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും പ്രദേശത്ത് ഭൂമിയുണ്ടായിരുന്ന കർഷകർക്ക് ഇതുവരെ പണം നൽകിയിട്ടില്ല.
വനം വകുപ്പിനെ സമീപിക്കുന്പോൾ ഉടൻ പണം തരും എന്ന പതിവ് മറുപടിയാണ് ലഭിക്കുന്നതെന്നും കർഷകർ പറഞ്ഞു. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയുള്ള സ്വയം സന്നദ്ധപുനരധിവാസ പദ്ധതി പ്രകാരമാണ് ഒരു വർഷം മുന്പ് കുണ്ടൂരിലെ ജനറൽ കുടുംബങ്ങളെ വനം വകുപ്പ് മാറ്റി പാർപ്പിച്ചത്. പണം കിട്ടാൻ വൈകുന്നത് അത്യാവശ്യ കാര്യങ്ങൾപോലും തടസപ്പെടുന്നതിന് കാരണമായിട്ടുണ്ട്. ഇത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. സ്ഥലത്തിന്റെ പണം ഉടൻ കിട്ടുമെന്ന് കരുതി മക്കളുടെ വിവാഹം ഉറപ്പിച്ചവർ വരെ ഇക്കൂട്ടത്തിലുണ്ട് ഇവരെല്ലാം ഇപ്പോൾ ദുരിതത്തിലാണ്.