വരൾച്ചാ കൃഷി നാശം; കർഷകർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന്
1511088
Tuesday, February 4, 2025 8:18 AM IST
പുൽപ്പള്ളി: കഴിഞ്ഞ വർഷം ഉണ്ടായ കൊടും വരൾച്ചയിൽ വ്യാപകമായി കൃഷിനാശം സംഭവിച്ച് ഒരു വർഷം ആയിട്ടും കർഷകർക്ക് ഇതുവരെയും യാതൊരു നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയാറായിട്ടില്ല.
നൂറുകണക്കിന് കർഷകർക്കായി കാൽകോടിയോളം രൂപ നഷ്ടപരിഹാരമായി നൽകാനുണ്ട്. കൃഷിക്കാർക്കുണ്ടായ യഥാർഥ നഷ്ടത്തിന്റെ തുച്ഛമായ തുകയാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്. അപേക്ഷ നൽകുന്ന നഷ്ടവും മിനക്കേടും മിച്ചമെന്നല്ലാതെ നഷ്ടപരിഹാരം ലഭിക്കാൻ സാധ്യത ഇല്ലെന്നു മനസിലാക്കി നഷ്ടപരിഹാരത്തിന് അപേക്ഷിക്കാത്ത കർഷകരാണ് കൂടുതൽ. കാർഷിക മേഖല തകർന്നടിയുന്പോഴും കർഷകരെ സഹായിക്കാൻ യാതൊരു നടപടിയും കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
വരൾച്ചയിൽ കൃഷിനാശം ഉണ്ടായ കർഷകർക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകാൻ നടപടി ഉണ്ടാകണമെന്ന് ബിജെപി മുള്ളൻകൊല്ലി പഞ്ചായത്ത് കണ്വൻഷൻ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ യോഗം ഉദ്ഘാടനം ചെയ്തു.
രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. പാർട്ടിയിലെ മുതിർന്ന അംഗങ്ങളെ മണ്ഡലം പ്രസിഡന്റ് മനുപ്രസാദ് ആദരിച്ചു. സദാശിവൻ കളത്തിൽ, രഞ്ജിത് ഇടമല, ബെന്നി കുളങ്ങര, പി.എൻ. സന്തോഷ്, കുമാരൻ പൊയ്ക്കാട്ടിൽ, ആശ ഷാജി, ജോബിഷ് മാവുടി, സണ്ണി ചോലിക്കര, പി.കെ. മോഹനൻ, അജി കാലായിക്കുന്നേൽ, രാജേഷ് എന്നിവർ പ്രസംഗിച്ചു.