വന്യമൃഗ ആക്രമണം: മുഖ്യമന്ത്രി വയനാട്ടിലെത്തി ഉന്നതതല യോഗം വിളിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ
1510191
Saturday, February 1, 2025 5:37 AM IST
കൽപ്പറ്റ: വന്യമൃഗ ആക്രമണത്തിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടമായ സാഹചര്യത്തിൽ പരിഹാര നടപടികൾക്കു നേതൃത്വം നൽകാൻ മുഖ്യമന്ത്രി ജില്ലയിലെത്തി ഉന്നതതല യോഗം വിളിക്കണമെന്ന് ടി. സിദ്ദിഖ് എംഎൽഎ ആവശ്യപ്പെട്ടു. ജില്ലയിൽ കടുവ ആക്രമണം ആവർത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. വന്യമൃഗ ആക്രമണം തടയുന്നതിന് പ്രഖ്യാപനങ്ങളില്ലാതെ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല.
ബജറ്റിനോട് നീതി പുലർത്താൻപോലും വനംവകുപ്പിന് കഴിയുന്നില്ല. നടപ്പു സാന്പത്തികവർഷം ബജറ്റ് വിഹിതത്തിന്റെ 47 ശതമാനം മാത്രമാണ് ഇതിനകം ചെലവഴിച്ചത്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ബാക്കി 53 ശതമാനം എങ്ങനെ ചെലവഴിക്കുമെന്നതിൽ വ്യക്തതയില്ല.
രണ്ട് മൃഗപരിപാലന കേന്ദ്രങ്ങൾ കൂടി ജില്ലയിൽ അടിയന്തരമായി ആരംഭിക്കണം. ബത്തേരി പച്ചാടിയിൽ മാത്രമാണ് നിലവിൽ മൃഗപരിപാലന കേന്ദ്രമുള്ളത്. ശേഷിയിലും കൂടുതൽ കടുവകളെയാണ് അവിടെ പാർപ്പിച്ചിരിക്കുന്നത്.
സൗത്ത് വയനാട് വനം ഡിവിഷനിൽ മൃഗപരിപാലന കേന്ദ്രത്തിനു സ്ഥലസൗകര്യം ഒരുക്കിയാൽ എംഎൽഎ ഫണ്ടിൽനിന്നു ഒരു കോടി രൂപ ലഭ്യമാക്കും. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിനുള്ള സമാശ്വാസധനം വർധിപ്പിക്കണം. നിലവിലെ 10 ലക്ഷം രൂപ അപര്യാപ്തമാണ്. പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കണം.
കഴിഞ്ഞ ദിവസം ഡിസിസി ഓഫീസിന്റെ പുറംചുമരിൽ തനിക്കെതിരായ പരാമർശങ്ങളോടെ പോസ്റ്ററുകൾ പതിച്ചതിനു പിന്നിൽ രാഷ്ട്രീയ ശത്രുക്കളാണ്. പോസ്റ്ററിൽ ചുരം കയറിവന്ന എംഎൽഎ എന്നു എഴുതിയിട്ടുണ്ട്. അത് ശരിയാണ്. 2021ലാണ് താൻ ഇവിടെയെത്തുന്നത്. ആദിവാസി സഹോദരൻമാരൊഴികെ എല്ലാവരും ചുരം കയറി എത്തിയവരാണ്.
വയനാട്ടിലെ, പ്രത്യേകിച്ചും കൽപ്പറ്റ മണ്ഡലത്തിലെ ജനങ്ങൾക്കായി ആത്മസമർപ്പണം നടത്തിയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. അതിൽനിന്നു പിന്തിരിപ്പിക്കാനും മുഖം വികൃതമാക്കാനുമുള്ള ശ്രമമാണ് പോസ്റ്ററുകൾ പതിച്ചവർ നടത്തിയത്. അത് വിലപ്പോകില്ല. എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് കെപിസിസി നിയോഗിച്ച ഉപസമിതി അന്വേഷണം നടത്തിവരികയാണ്. സമഗ്രമായ റിപ്പോർട്ട് ഉടൻ നൽകും.
പുഞ്ചിരിമട്ടം ഉരുൾ ദുരന്ത ബാധിത കുടുംബങ്ങളുടെ സ്ഥിരം പുനരധിവാസത്തിന് നടപടികൾ ത്വരിതപ്പെടുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഫണ്ടുണ്ടായിട്ടും ദുരന്തബാധിതർക്ക് ദിനബത്ത തുടർന്നുനൽകാൻ സർക്കാർ തയാറാകുന്നില്ല. ദുരന്തത്തിൽപ്പെട്ടവർക്ക് ജീവിതോപാധി തിരിച്ചുകൊടുക്കാതെ ദിനബത്ത നിർത്തിയത് മനുഷ്യാവകാശ ലംഘനമാണ്. ദുരന്തബാധിതരുടെ പുനരധിവാസം ഉൾപ്പെടെ കാര്യങ്ങളിൽ ഇനിയെങ്കിലും കൃത്യമായ നടപടികളുണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.