കാപ്പ ചുമത്തി നാടുകടത്തി
1511083
Tuesday, February 4, 2025 8:18 AM IST
തൊണ്ടർനാട്: നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. തൊണ്ടർനാട്, കരിന്പിൽകുന്നേൽ രഞ്ജിത്ത്(25) നെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്.
നിരവധി കേസുകളിൽ പ്രതിയായ ഇയാൾക്കെതിരേ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം പ്രകാരമാണ് ജില്ലയിൽ നിന്നു നാടുകടത്തിയത്. ഉത്തരവ് ലംഘിച്ചാൽ മൂന്നു വർഷംവരെ തടവു ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. തൊണ്ടർനാട്, വെള്ളമുണ്ട, കന്പളക്കാട് തുടങ്ങി വിവിധ സ്റ്റേഷൻ പരിധികളിൽ ഇയാൾക്കെതിരേ കളവു കേസുകളുണ്ട്.
ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ യതീഷ്ചന്ദ്രയുടെ ഉത്തരവ് പ്രകാരമാണ് നടപടി. ജില്ലയിൽ എല്ലാ സ്റ്റേഷൻ പരിധികളിലെയും ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും തരം തിരിച്ച് ക്രമസമാധാനം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ പേർക്കെതിരേ കാപ്പയടക്കമുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമാതാരി അറിയിച്ചു.