വിത്തുകൾ കൈമാറി വയനാട് വിത്തുത്സവം സമാപിച്ചു
1510428
Sunday, February 2, 2025 5:25 AM IST
കൽപ്പറ്റ: ഡോ.എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ പുത്തുർവയൽ നിലയത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒന്‍പതാമത് വയനാട് വിത്തുത്സവം സമാപിച്ചു. കൃഷിയിടത്തിൽ തനത് വിള വൈവിധ്യം ഉറപ്പാക്കുന്നതിന് പുതിയ തലമുറക്ക് വിത്തുകൾ കൈമാറിയാണ് മൂന്നു ദിവസംനീണ്ട വിത്തുത്സവത്തിന് കൊടിയിറങ്ങിയത്.
വിത്തുത്സവത്തിന്റെ ഭാഗമായി നടത്തിയ സമ്മേളനത്തിൽ സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് മേധാവി ഡോ.എൻ. അനിൽകുമാർ ഡോ.എം.എസ് സ്വാമിനാഥൻ അനുസ്മരണ പ്രഭാഷണം നടത്തി. വിത്തിൻമേൽ കർഷകർക്ക് അവകാശം ഉറപ്പിക്കുന്നതിനു ഡോ.സ്വാമിനാഥൻ നടത്തിയ ശ്രമങ്ങളെ അദ്ദേഹം അനുസ്മരിച്ചു.
ഡോ.വർഗീസ് കുര്യൻ അനുസ്മരണവും നടന്നു. മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പ്, മുൻ മാനേജിംഗ് ഡയറക്ടർ കെ.ടി. തോമസ് തുടങ്ങിയവർ പങ്കെടുത്തു. ജീനോം സേവ്യർ അവർഡുകളുടെ വിതരണം നടന്നു. സമാപന ദിവസം സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചു മാത്രമായി പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം കോഴിക്കോട് യൂണിറ്റിൽനിന്നുള്ള വിദഗ്ധർ നേതൃത്വം നൽകി.
സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗവേഷണ കേന്ദ്രം മേധാവി ഡോ.വി. ഷക്കീല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ മുഖ്യാതിഥിയായി.
സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ.എൻ. അനിൽകുമാർ, വയനാട് ആദിവാസി പ്രവർത്തക സമിതി പ്രസിഡന്റ് എ. ദേവകി, ജില്ലാ ജൈവ വൈവിധ്യ പരിപാലന സമിതി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം ടി.സി. ജോസഫ്, കീ സ്റ്റോണ്‍ ഫൗണ്ടേഷൻ പ്രതിനിധി റാഫി മാനന്തവാടി തുടങ്ങിയവർ പങ്കെടുത്തു. സീഡ് കെയർ പ്രതിനിധി കൃഷ്ണൻ തൃക്കൈപ്പറ്റ സ്വാഗതവും ഗവേഷണ നിലയം ശാസ്ത്രജ്ഞൻ ജോസഫ് ജോണ്‍ നന്ദിയും പറഞ്ഞു.