ചെറുവയൽ രാമന് "പ്രഫസർ ഓഫ് പ്രാക്ടീസ്’ പദവി: വയനാട്ടിൽ ആഹ്ലാദം
1510425
Sunday, February 2, 2025 5:25 AM IST
കൽപ്പറ്റ: ജൈവ കർഷകൻ പദ്മശ്രീ ചെറുവയൽ രാമന് "പ്രഫസർ ഓഫ് പ്രാക്ടീസ്’ പദവി നൽകാനുള്ള കേരള കാർഷിക സർവകലാശാലയുടെ തീരുമാനത്തിൽ വയനാട്ടിൽ ആഹ്ലാദം.
കാർഷിക സർവകലാശാലയുടെ സ്ഥാപിത ദിനാഘോഷം ഉദ്ഘാടനം ചെയ്യവേ കൃഷി മന്ത്രിയും പ്രോ ചാൻസലറുമായ പി. പ്രസാദാണ് ചെറുവയൽ രാമന് പദവി നൽകുന്നതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. ഒരു വർഷത്തേക്കാണ് പദവി. സർവകലാശാലാ ചട്ടങ്ങളനുസരിച്ചുള്ള ആനുകൂല്യങ്ങൾ ഇക്കാലയളവിൽ രാമന് ലഭിക്കും.
ജൈവകൃഷിയിലും പരന്പരാഗത നെല്ലിനങ്ങളുടെ സന്പത്തിലും വലിയ അനുഭവജ്ഞാനത്തിനു ഉടമയാണ് ചെറുവയൽ രാമൻ. അദ്ദേഹത്തിന്റെ അനുഭവസന്പത്ത് സർവകലാശാലയുടെ ഗവേഷണ കേന്ദ്രങ്ങളിലും വിദ്യാർഥികൾക്കും ഗവേഷകർക്കുമിടയിലും പങ്കുവയ്ക്കുകയെന്ന ലക്ഷ്യത്തോടൊണ് പദവി നൽകുന്നതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
കാർഷിക സർവകലാശാലയുടെ ജനറൽ കൗണ്‍സിൽ അംഗമായി ചെറുവയൽ രാമൻ പ്രവർത്തിച്ചിട്ടുണ്ട്. പദ്മശ്രീ ജേതാവെങ്കിലും ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുകയാണ് രാമൻ. ഇതിനിടെയാണ് അദ്ദേഹത്തിന് പുതിയ പദവി ലഭിക്കുന്നത്.