ലോക കാൻസർ ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്
1511082
Tuesday, February 4, 2025 8:18 AM IST
കൽപ്പറ്റ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ലോക കാൻസർ ദിനാചരണവും കാൻസർ സ്ക്രീനിംഗ് ക്യാന്പിന്റെയും ജില്ലാതല ഉദ്ഘാടനം ഇന്ന് നല്ലൂർനാട് ജില്ലാ കാൻസർ സെന്ററിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും.
സ്ത്രീകളിലെ സ്തനാർബുദം, ഗർഭാശഗള അർബുദം എന്നിവയെ കുറിച്ചുള്ള അവബോധം ശക്തമാക്കുക, പരമാവധി സ്ത്രീകളെ പരിശോധനയ്ക്ക് വിധേയരാക്കുക, രോഗം ലക്ഷണങ്ങൾ തുടക്കത്തിലെ കണ്ടെത്തി ചികിത്സിക്കുക എന്നിവയാണ് കാന്പയിൻ ലക്ഷ്യം വയ്ക്കുന്നത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ചടങ്ങിന് അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി. ദിനീഷ് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതാലവി ലോക കാൻസർ ദിനസന്ദേശം നൽകും. എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുട്ടി ബ്രാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ജില്ലാ കാൻസർ സെന്ററും നൂതന ചികിത്സ രീതികളും എന്ന വിഷയത്തിൽ ജില്ലാ കാൻസർ സെന്റർ റേഡിയേഷൻ ഓങ്കോളജിസ്റ്റ് ഡോ.ആർ. രാജേഷ്, ട്രൈബൽ സ്പെഷാലിറ്റി ആശുപത്രി സൂപ്രണ്ട് ഡോ.ടി. ഹരിപ്രസാദ് എന്നിവർ പ്രസംഗിക്കും. ആരോഗ്യവകുപ്പിന്റെ കീഴിൽ സംഘടിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ കാൻസർ പ്രതിരോധ, പരിശോധന പരിപാടി വനിതദിനമായ ഫെബ്രുവരി നാലിന് ആരംഭിച്ച് മാർച്ച് എട്ട് വനിതദിനം വരെയാണ്. ആരോഗ്യവകുപ്പിന്റെ സംവിധാനങ്ങൾക്ക് പുറമേ സ്വകാര്യലാബുകൾ, ഡയഗ്നോസ്റ്റിക്ക് സെന്ററുകളും പരിപാടിയുടെ ഭാഗമാകും.