ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് കൂടുതൽ സൗകര്യങ്ങളോടെ ഒരുങ്ങുന്നു
1511089
Tuesday, February 4, 2025 8:18 AM IST
സുൽത്താൻ ബത്തേരി: ജില്ല് പബ്ലിക് ലാബ് കൂടുതൽ സൗകര്യങ്ങളോടെ ഒരുങ്ങുന്നു. സുൽത്താൻ ബത്തേരി ഫെയർലാന്റിൽ താലൂക്ക് ആശുപത്രിക് സമീപം പ്രവർത്തിക്കുന്ന ജില്ലാ പബ്ലിക് ഹെൽത്ത് ലാബാണ് കൂടുതൽ സൗകര്യങ്ങളോടെ ടൗണിലേക്ക് മാറാനൊരുങ്ങുന്നത്.
ടൗണിൽ ട്രാഫിക് ജംഗ്ഷന് സമീപം പ്രവർത്തിച്ചിരുന്ന പഴയ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലേക്കാണ് ലാബ് മാറുന്നത്. ഇതിനായി ഇവിടെ ലാബ് പ്രവർത്തിക്കാനാവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആസ്പിരേഷണൽ ഡിസ്ട്രിക്ട്, ഇന്റ്ഗ്രേറ്റഡ് പബ്ലിക് ഹെൽത്ത് ലാബ് പദ്ധതി പ്രകാരമുള്ള ഫണ്ടും ചേർത്ത് രണ്ടരകോടി രൂപ ചെലവിലാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്.
പ്രവർത്തികൾ പൂർത്തീകരിച്ച് ഈ മാർച്ചോടെ ലാബ് ഇവിടേക്ക് പ്രവർത്തനം തുടങ്ങാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്ക്. ലാബ് ഇവിടേക്ക് മാറുന്നതോടെ ഹിസ്റ്റോ പാത്തോളജി, മൈക്രോ ബയോളജി എന്നീ വിഭാഗങ്ങൾ കൂടി ആരംഭിക്കും. ഇതോടെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയുന്ന ശരീര ഭാഗങ്ങൾ ഇവിടെതന്നെ പരിശോധിക്കാനാകും.
ചുരുങ്ങിയ കാലയളവിൽ പൊട്ടിപ്പുറപ്പെടുന്നതായി പകർച്ചവ്യാധികളെ വേഗത്തിൽ കണ്ടെത്താനും ഇവിടെ സാധിക്കും. നിലവിൽ പ്രത്യേക സാഹചരങ്ങളിൽ ഇതരജില്ലകളിലേക്ക് രോഗികളുടെ സാന്പിളുകൾ ശേഖരിച്ച് അയച്ച് നാലും അഞ്ചും ദിവസംവരെ കാത്തിരുന്നാണ് ശരിയായ ചികിത്സ നൽകാൻ ജില്ലയിൽ സാധിക്കുന്നത്. ഇതിനെല്ലാം ലാബ് സൗകര്യം വർധിക്കുന്നതോടെ മാറ്റം വരും. ന്യൂബോണ്‍ സ്ക്രീനിംഗ് സംവിധാനമടക്കം ലാബിൽ സജ്ജീകരിക്കും.
ഫെയർലാന്റിൽ പ്രവർത്തിക്കുന്ന ലാബിൽ സൈറ്റോളജി, ഹെമറ്റോളജി, സിറോളജി, ബയോകെമിസ്ട്രി, ഹോർമോണ്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് പരിശോധന നടക്കുന്നത്. നിലവിൽ ഇവിടെ ഒരു പാത്തോളജി മെഡിക്കൽ ഓഫീസറടക്കം 16 ജിവനക്കാരാണുള്ളത്. ഇതിൽ മൂന്ന് പേർ മറ്റിടങ്ങളിൽ നിന്ന് വർക്കിംഗ് അറേഞ്ച്മെന്റിൽ വന്നതും നാല് പേർ എൻഎച്ച്എം ജീവനക്കാരുമാണ്.
എന്നാൽ കൂടുതൽ സൗകര്യങ്ങളോടെ ലാബ് ടൗണിലേക്ക് മാറുന്നതോടെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചാൽ മാത്രമേ നല്ലരീതിയിൽ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകു. സർക്കാർ ആശുപത്രികളിൽ പരിശോധനക്കെത്തുന്ന ബിപിഎൽ വിഭാഗക്കാർക്ക് ലാബ് പരിശോധനകൾ പബ്ലിക് ഹെൽത്ത് ലാബിൽ സൗജന്യമാണ്. സർക്കാർ ആശുപത്രികളിൽ നിന്ന് എത്തുന്ന എപിഎൽ വിഭാഗം രോഗികൾക്ക് സ്വകാര്യ ലാബുകളേക്കാൾ പകുതിയിൽ കൂടുതൽ ഇളവും ഇവിടെ ലഭ്യമാകും.