വന്യമൃഗശല്യം തടയാൻ നിർമിതബുദ്ധി ഉപയോഗിക്കണം: വന്യമൃഗശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി
1510432
Sunday, February 2, 2025 5:25 AM IST
കാട്ടിക്കുളം: ജനവാസകേന്ദ്രങ്ങളിലെ വന്യമൃഗശല്യം തടയാൻ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തണമെന്ന് വന്യമൃഗശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി വനം-വന്യജീവി സംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടു. കടുവയോ ചെന്നായ്ക്കളോ എത്തുന്ന വനപ്രദേശത്തുനിന്ന് പന്നിയും മാനും ആഴ്ചകളോളം മാറിനിൽക്കുകയും കടുവയുടെ സാമീപ്യം ഉണ്ടായാൽ ആനക്കൂട്ടങ്ങൾ കുഞ്ഞുങ്ങളുമായി ഓടിയകലുകയും ചെയ്യുന്നുണ്ട്.
കടുവയുടെ അലർച്ച പുറപ്പെടുവിക്കുന്ന സ്പീക്കറുകൾ വനാതിർത്തികളിൽ സ്ഥാപിച്ചാൽ കൃഷിസ്ഥലത്തേക്ക് വരുന്ന മൃഗങ്ങൾ കാട്ടിലേക്ക് തിരിച്ചോടുകയും ആ വഴി ഉപേക്ഷിക്കുകയും ചെയ്യും. കാടിനോടുചേർന്ന് എഐ കാമറകൾ വയ്ക്കുന്നത് വന്യജീവികളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് സഹായകമാകും. വിവിധ മേഖലകളിൽ പരീക്ഷിച്ച് വിജയിച്ച നിർമിത ബുദ്ധി വന്യമൃഗ പ്രതിരോധത്തിൽ പ്രയോജനപ്പെടുത്തുന്നതിന് ബന്ധപ്പെട്ടവർക്ക് കത്ത് അയയ്ക്കാൻ യോഗം തീരുമാനിച്ചു.
ചെയർമാൻ ടി.സി. ജോസഫ് അധ്യക്ഷത വഹിച്ചു. ടി. സന്തോഷ്കുമാർ, നാസർ ബാവലി, വി.ആർ. ജയചന്ദ്രൻ, സന്തോഷ്കുമാർ തോൽപ്പെട്ടി എന്നിവർ പ്രസംഗിച്ചു.