കേന്ദ്ര ബജറ്റ് സ്വാഗതാർഹം: വിമൻ ചേംബർ ഓഫ് കൊമേഴ്സ്
1510424
Sunday, February 2, 2025 5:25 AM IST
കൽപ്പറ്റ: കേന്ദ്ര ബജറ്റിനെ വിമൻ ചേംബർ ഓഫ് കൊമേഴ്സ് സ്വാഗതം ചെയ്തു. ഇടത്തരക്കാർക്കും വനിതാ സംരംഭകർക്കും പ്രതീക്ഷ നൽകുന്നതാണ് ബജറ്റിലെ നിർദേശങ്ങളെന്ന് ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടണ്‍ പറഞ്ഞു.
സ്ത്രീ സംരംഭകർക്ക് രണ്ട് കോടി രൂപ വരെ വായ്പ അനുവദിക്കുമെന്ന ബജറ്റ് പ്രഖ്യാപനം ഉത്പാദന മേഖലയിൽ ചലനങ്ങളുണ്ടാക്കും. ഉത്പാദന വളർച്ച ഉറപ്പാക്കാൻ എംഎസ്എംഇ യൂണിറ്റുകൾക്കുള്ള വായപാപരിധി 10 കോടി രൂപ വരെ വർധിപ്പിക്കാനുള്ള തീരുമാനം വയനാട് പോലുള്ള ജില്ലകളിൽ ഉത്പാദന മേഖലയെ ചടുലമാക്കും. കാർഷിക മേഖലയിൽ കിസാൻ ക്രഡിറ്റ് കാർഡുള്ളവർക്കുള്ള വായ്പാപരിധി അഞ്ചുലക്ഷം രൂപയാക്കിയത് നേട്ടമാകും.
സ്റ്റാർട്ടപ്പുകൾക്കുള്ള സാന്പത്തിക സഹായം വർധിപ്പിച്ചതും നികുതി ഘടനയിൽ വരുത്തിയ മാറ്റങ്ങളും സംരംഭകർക്ക് ആവേശം പകരുന്നതാണ്. ഗിഗ് തൊഴിലാളികളെയും പ്രഫഷനലുകളെയും സാമൂഹിക സുരക്ഷാപദ്ധതികളുടെ ഗുണഭോക്താക്കളാക്കാനുള്ള തീരുമാനം അനേകർക്ക് ഗുണം ചെയ്യും.
ബജറ്റ് നിർദേശങ്ങൾ ടൂറിസം മേഖലയിൽ കൂടുതൽ മൂലധന നിക്ഷേപത്തിനു വഴിയൊരുക്കും. ഹോംസ്റ്റേ സംരംഭകർക്ക് മുദ്ര ലോണ്‍ ഉൾപ്പെടെ വായ്പകൾ നൽകുമെന്ന പ്രഖ്യാപനം കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് നേട്ടമാകുമെും ബിന്ദു മിൽട്ടൻ പറഞ്ഞു.