ശ്രേയസ് കമ്മ്യൂണിറ്റി കൗണ്‍സലിംഗ്: അവസാനഘട്ട പരിശീലനം പൂർത്തിയാക്കി
1510202
Saturday, February 1, 2025 5:42 AM IST
സുൽത്താൻ ബത്തേരി: ബത്തേരി രൂപതയുടെ സാമൂഹിക സേവന പ്രസ്ഥാനമായ ശ്രേയസ്, കാത്തലിക് റിലീഫ് സർവീസിന്റെ സാന്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കമ്മ്യൂണിറ്റി കൗണ്‍സലിംഗിന്റെ അവസാനഘട്ട പരിശീലനം പൂർത്തിയാക്കി.
ഉദ്ഘാടന സമ്മേളനത്തിൽ വയനാട്ടിലെ ഗോത്ര സമൂഹം ഉൾപ്പെടെയുള്ള പാവപ്പെട്ട കുടുംബങ്ങളിലേക്ക് കടന്നുചെന്ന് മാനസിക പിന്തുണ നൽകുന്ന കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് അഭിനന്ദനാർഹവും വയനാടിന്റെ കൗണ്‍സലിംഗ് ചരിത്രത്തിൽ നിർണായക ചുവടുവയ്പ്പും ആണെന്ന് സ്കാർഫ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സുഭാഷിണി ഗോപാൽ അഭിപ്രായപ്പെട്ടു.
കമ്മ്യൂണിറ്റി കൗണ്‍സിലിംഗ് തുടർന്നും നടപ്പാക്കുമെന്ന് ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡേവിഡ് ആലിങ്കൽ പറഞ്ഞു. കാത്തലിക് റിലീഫ് സർവീസ് ടെക്നിക്കൽ കണ്‍സൾട്ടന്റ് പി.കെ. കുര്യൻ പ്രസംഗിച്ചു. സ്കാർഫ് ചെന്നൈ റിസർച്ച് അസിസ്റ്റന്റ് അനന്തപത്മനാഭൻ, കൗണ്‍സലിംഗ് സൈക്കോളജിസ്റ്റ് എൻ.പി. ഹരിത എന്നിവർ മൂന്നു ദിവസങ്ങളിലായി നടന്ന പരിശീലനത്തിന് നേതൃത്വം നൽകി.
അങ്കണവാടി പ്രവർത്തകർ, ശ്രേയസ് പ്രവർത്തകർ, ട്രൈെബൽ പ്രവർത്തകർ, വിമെൻ വെൽഫെയർ അസോസിയേഷൻ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിശീലനം പൂർത്തിയാക്കി വിവിധ പഞ്ചായത്തുകളിൽ സേവനം ചെയ്യുന്നുണ്ട്