കേന്ദ്ര ബജറ്റ്: വയനാടിനെ തഴഞ്ഞതിൽ പ്രതിഷേധം ശക്തം
1510423
Sunday, February 2, 2025 5:25 AM IST
കൽപ്പറ്റ: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ വയനാടിനെ തഴഞ്ഞതിൽ പ്രതിഷേധം ശക്തം. മേപ്പാടി പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള പാക്കേജിന്റെ പ്രഖ്യാപനം ധനമന്ത്രി നടത്തുമെന്ന പ്രതീക്ഷ വെറുതെയായതും വയനാട് റെയിൽവേയ്ക്കു തുക വകയിരുത്താത്തതുമാണ് പ്രതിഷേധത്തിനു കാരണമായത്.
2024 ജൂലൈ 30ന് പുലർച്ച പുഞ്ചിരിമട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിനെ അതിതീവ്രദുരന്തമായി കേന്ദ്ര സർക്കാർ ഡിസംബറിൽ പ്രഖ്യപിച്ചിരുന്നു.
ഉരുൾപൊട്ടലിനെ ലെവൽ ത്രീ ദുരന്തമായി കണക്കാക്കണമെന്ന് സംസ്ഥാന സർക്കാർ നിരന്തരം ആവശ്യപ്പെടുന്നതിനിടെയായിരുന്നു ഇത്. ഉരുൾ ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ പ്രത്യേക സഹായം അനുവദിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഉരുൾപൊട്ടലിനെ അതിതീവ്ര ദുരന്തമായി കേന്ദ്ര പ്രഖ്യാപിച്ചത്. ഇത് കേന്ദ്ര ബജറ്റിൽ വയനാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുന്നതിലേക്ക് നയിക്കുമെന്ന് സംസ്ഥാന സർക്കാരും വയനാടൻ ജനതയും കരുതിയിരുന്നു.
ദുരന്തബാധിത കുടുംബങ്ങളെ ഋണമുക്തരാക്കുന്നതിനുള്ള നടപടികളും ജനം പ്രതീക്ഷിച്ചിരുന്നു. നിലന്പൂർ-നഞ്ചൻഗോഡ്-റെയിൽ പദ്ധതിക്കുവേണ്ടി ബന്ദിപ്പുര വനത്തിൽ തുരങ്കപാത നിർമിക്കുന്നതിനു സർവേയും ഡിപിആറും കർണാടക സർക്കാരിന്റെയും കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റയും എതിർപ്പില്ലാതെ റയിൽവേ പൂർത്തിയാക്കിയതാണ്.
ഇത് കേന്ദ്ര ബജറ്റിൽ വയനാട് റെയിൽവേ സംബന്ധിച്ച പ്രഖ്യാപനത്തിന് വഴിയൊരുക്കുമെന്ന് കരുതിയവർ നിരവധിയാണ്. നിലന്പൂർ-ബത്തേരി-നഞ്ചൻഗോഡ് റെയിൽ പദ്ധതിക്കുവേണ്ടി നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി വർഷങ്ങളായി രംഗത്തുണ്ട്.