കൃഷി മുൻ അസിസ്റ്റന്റ് ഡയറക്ടർക്കെതിരായ അന്വേഷണം: കെ.പി. സെലീനാമ്മയ്ക്ക് ചുമതല നൽകി
1510440
Sunday, February 2, 2025 5:31 AM IST
കൽപ്പറ്റ: സാന്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മാനന്തവാടി മുൻ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ബാബു അലക്സാണ്ടർക്കെതിരേ നടത്തുന്ന അന്വേഷണം തുടരുന്നതിന് കൃഷി അഡീഷണൽ ഡയറക്ടർ(പ്ലാനിംഗ്)കെ.പി. സെലീനാമ്മയെ നിയോഗിച്ച് സർക്കാർ ഉത്തരവായി. അഡീഷണൽ ഡയറക്ടർ(പ്ലാനിംഗ്) ടി. മിനിയാണ് അന്വേഷണം നടത്തിയിരുന്നത്. ഇവർ അവധിയിലായതിനാലാണ് സെലീനാമ്മയ്ക്ക് ചുമതല നൽകിയത്. അന്വേഷണ റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്ന് ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കൃഷിഭവനുകളിൽ പദ്ധതികളുടെ നിർവഹണത്തിനു ലഭിച്ച അലോട്ട്മെന്റുകളിൽ നിന്നു വ്യക്തിഗത ചെക്കുകളിലൂടെ 71,29,835 രൂപ മാറിയെടുത്ത് സ്വകാര്യ ആവശ്യങ്ങൾക്കു ബാബു അലക്സാണ്ടർ ഉപയോഗിച്ചതായി ജില്ലാ ധനകാര്യ പരിശോധന സ്ക്വാഡ് കണ്ടെത്തിയിരുന്നു. കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ 2017 നവംബർ 22,23 തീയതികളിൽ നടത്തിയ പരിശോധനയിയിലാണ് സാന്പത്തിക ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്.
സ്ക്വാഡിന്റെ ഇടക്കാല റിപ്പോർട്ടിലെ ശിപാർശയിൽ ബാബു അലക്സാണ്ടറെ 2017 നവംബർ 25നു സർവീസിൽനിന്നു സസ്പെൻഡ് ചെയ്യുകയും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനു ആഭ്യന്തര വിജിലിൻസ് വകുപ്പിനോടു ആവശ്യപ്പെടുകയും ചെയ്തിരുന്നു. സാന്പത്തിക ക്രമക്കേടുകൾ നടത്തിയതിനും ജോലിയിൽ വീഴ്ച വരുത്തിയതിനും ചട്ടങ്ങൾ ലംഘിച്ചതിനും ബാബു അലക്സാണ്ടർക്കു 2017 ഡിസംബർ 23നു മെമ്മോ നൽകിയിരുന്നു. പ്രതിവാദ പത്രികയിലെ വാദങ്ങൾ തൃപ്തികരമല്ലാത്തതിനാൽ കഠിനശിക്ഷയ്ക്കുള്ള അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ഔപചാരിക അന്വേഷണത്തിനു 2018 ഓഗസ്റ്റ് 31നു ഉത്തരവായി.
സസ്പെൻഷൻ ഒഴിവാക്കുന്നതിനും അച്ചടക്ക നടപടിയിൽ അടിയന്തര തീർപ്പുതേടിയും ബാബു അലക്സാണ്ടർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഒഎ1674/ 2019 നന്പരായി കേസ് ഫയൽ ചെയ്തു. പരാതിക്കാരനെ സർക്കാർതലത്തിൽ നേരിൽക്കേട്ട് സേവനത്തിൽ രണ്ടു മാസത്തിനകം തിരികെ പ്രവേശിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും അച്ചടക്ക നടപടി നാലു മാസത്തിനകം തീർപ്പാക്കണമെന്നും 2019 ഓഗസ്റ്റ് 16നു ട്രിബ്യൂണൽ ഉത്തരവായി.
2019 ഡിസംബർ 11നു നടത്തിയ ഹിയറിംഗിൽ നിയമങ്ങളും ചട്ടങ്ങളും പാലക്കാതെയാണ് ഔപചാരിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതെന്നു ബാബു അലക്സാണ്ടർ വാദിച്ചു. ജില്ലാ ധനകാര്യ സ്ക്വാഡിന്റെ പരിശോധനയിൽ 71,29,875 രൂപയുടെ വിനിയോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ ബാധ്യത തന്റേതായി നിലനിർത്തുകയായിരുന്നുവെന്നു ചൂണ്ടിക്കാട്ടി. കഠിനശിക്ഷയ്ക്കുള്ള കുറ്റാരോപണ മെമ്മോ നൽകുന്പോൾ നിയമന ഉദ്യോഗസ്ഥൻ തന്നെ നേരിൽ കേൾക്കുന്നതിനോ രേഖകൾ വായിക്കുന്നതിനോ പകർപ്പുകൾ ലഭ്യമാക്കുന്നതിനോ അവസരം നൽകിയില്ലെന്നും വാദിച്ചു.
ഇക്കാര്യങ്ങൾ വിശദമായി പരിശോധിച്ച സർക്കാർ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഉപദേശവും തേടിയശേഷം ജനുവരി 25നു ബാബു അലക്സാണ്ടർക്കു നോട്ടീസ് അയച്ചിരുന്നു. സേവനം തൃപ്തികകരമല്ലാത്തതിനാൽ സർവീസിൽനിന്നു നീക്കുന്നതിനും സെൽഫ് ചെക്കുകളിലൂടെ അപഹരിച്ച 81,92,075 രൂപയും മറ്റു സാന്പത്തിക ക്രമക്കേടുകൾ വഴി തട്ടിയെടുത്ത 4,61,872 രൂപയും 18 ശതമാനം പിഴപ്പലിശ സഹിതം 1,21,82,761 രൂപ ഈടാക്കുന്നതിനുമായിരുന്നു നോട്ടീസ്.
തുടർ നടപടികൾക്കുശേഷം ബാബു അലക്സാണ്ടറെ സർവീസിൽനിന്നു പിരിച്ചുവിട്ടിരുന്നു. ഇതിനെതിരായ ഹരജിയിൽ 2024 ഏപ്രിൽ രണ്ടിലെ ഹൈക്കോടതി ഉത്തവിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർ പാർട്ട് ത്രീ റൂൾ മൂന്ന് പ്രകാരമാണ് ബാബു അലക്സാണ്ടർക്കെതിരായ അന്വേഷണം.