അന്പലക്കുന്ന് ഉന്നതിയിൽ ഗോത്രവർഗ കമ്മീഷൻ സന്ദർശനം നടത്തി
1509832
Friday, January 31, 2025 6:10 AM IST
കൽപ്പറ്റ: നെൻമേനി പഞ്ചായത്തിലെ അന്പലക്കുന്ന് ഉന്നതിയിൽ പട്ടികജാതി-ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ സന്ദർശനം നടത്തി. നെൻമേനി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു അനന്തൻ, ജില്ലാ പട്ടികവർഗ വികസന ഓഫീസർ ജി. പ്രമേദ്, ജില്ലാ പട്ടികജാതി വികസന ഓഫീസർ സരിൻ,
ബത്തേരി ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ എം. മജീദ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.എസ് ശ്രീനാഥ്, കമ്മീഷൻ സ്റ്റാഫ് അംഗങ്ങൾ എന്നിവർക്കൊപ്പമാണ് ചെയർമാൻ ഉന്നതിയിലെത്തിയത്. ഉന്നതി നിവാസികളുമായി ചെയർമാൻ സംവദിച്ചു. കുട്ടികൾക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും അവർ വിദ്യാലയങ്ങളിൽനിന്നു കൊഴിഞ്ഞുപോകുന്നതു തടയുന്നതിനും മാതാപിതാക്കൾ ശക്തമായി ഇടപെടണമെന്ന് കമ്മീഷൻ നിർദേശം നൽകി.
ആരോഗ്യകേന്ദ്രത്തിൽ 24 മണിക്കൂറും ഡോക്ടറുടെ സേവനം ഉറപ്പുവരുത്തുക, പ്രായപൂർത്തിയാകാത്തെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാൽ നേരിടേണ്ടിവരുന്ന നിയമപ്രശ്നങ്ങളിൽ ചെറുപ്പക്കാർക്ക് ബോധവത്കരണം നൽകുക, പട്ടികവർഗത്തിലെ പെണ്‍കുട്ടികളെ മറ്റ് വിഭാഗക്കാർ വിവാഹം ചെയ്യുകയും പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്യുന്ന വിഷയത്തിൽ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നതിയിലുള്ളവർ ഉന്നയിച്ചു.
ഈ ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് കമ്മീഷൻ ചെയർമാൻ ഉറപ്പുനൽകി. അന്പലക്കുന്ന് ഉന്നതിയിൽ സാംസ്കാരിക നിലയം നിർമിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ പട്ടികവർഗ വികസന ഓഫീസർക്ക് നിർദേശം നൽകി. മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് താമസിക്കുന്ന ചേനന്റെ വീടും ഉരുൾപൊട്ടിയ പുഞ്ചിരിമട്ടത്തുനിന്നു നെടുന്പാലയിലേക്ക് മാറ്റിപ്പാർപ്പിച്ച കുടുംബങ്ങളെയും കമ്മീഷൻ ചെയർമാൻ സന്ദർശിച്ചു.