ഒന്നര ഏക്കർ പാവൽ കൃഷി വെട്ടിനശിപ്പിച്ചു
1509834
Friday, January 31, 2025 6:10 AM IST
മാനന്തവാടി: പയ്യന്പള്ളി മുട്ടൻകരയിൽ ഒന്നര ഏക്കറിലെ പാവൽ കൃഷി വെട്ടിനശിപ്പിച്ചു. കെഎസ്ആർടിസി താത്കാലിക ജീവനക്കാരൻ പുളിക്കൽ സന്തോഷിന്റെ കൃഷിയാണ് ചുവടുകൾ വെട്ടി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ കൃഷിയിടത്തിൽ എത്തിയപ്പോഴാണ് സംഭവം സന്തോഷിന്റെ ശ്രദ്ധയിൽപ്പെട്ടത്.
സഹകരണ ബാങ്കിൽനിന്നും സ്വാശ്രയസംഘങ്ങളിൽനിന്നും വായ്പയെടുത്ത് രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കൃഷി ഇറക്കിയത്. ഒരു തവണ മാത്രമാണ് വിളവെടുപ്പ് നടത്തിയത്. നട്ടുപരിപാലിച്ച 900 ചെടികളിൽ മൂന്നെണ്ണമാണ് ബാക്കിയായത്.
വലിയ നഷ്ടം ഉണ്ടായതായി സന്തോഷ് പറഞ്ഞു. പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തുനിന്നു ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.