പുൽപ്പള്ളിയിൽനിന്നു പിടിച്ച കടുവയെ മൃഗശാലയിലേക്ക് മാറ്റും
1509829
Friday, January 31, 2025 6:10 AM IST
കൽപ്പറ്റ: പുൽപ്പള്ളി പഞ്ചായത്തിലെ അമരക്കുനി തൂപ്രയിൽ കൂടുവച്ച് പിടിച്ച കടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. ഇതു സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായതായി സൗത്ത് വയനാട് ഡിഎഫ്ഒ അജിത്ത് കെ. രാമൻ അറിയിച്ചു. ഏഴ് വയസ് മതിക്കുന്ന പെണ്കടുവയെയാണ് തൂപ്രയിൽനിന്നു പിടിച്ചത്. നിലവിൽ ബത്തേരി പച്ചാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലാണ് കടുവയുള്ളത്.
തിരുവനന്തപുരം സുവോളജിക്കൽ ഗാർഡനിലെ വെറ്ററിനറി ഡോക്ടർ പച്ചാടിയിലെത്തി പരിശോധിച്ചശേഷമാണ് കടുവയെ കൊണ്ടുപോകുക. കടുവയെ ഉൾവനത്തിൽ തുറന്നുവിടാൻ കഴിയാത്ത സ്ഥിതിയാണ്.
കടുവയെ താഴെ നിരയിലുള്ള പല്ലുകൾ നഷ്ടമായിട്ടുണ്ട്. കാലുകളിൽ പരിക്കുണ്ട്. അമരക്കുനിയിലും പരിസരങ്ങളിലുമായി അഞ്ച് ആടുകളെ കടുവ കൊന്നിരുന്നു. അവശ നിലയിലായിരുന്ന കടുവ മയക്കുവെടിവച്ച് പിടിക്കാൻ നീക്കം നടക്കുന്നതിനിടെയാണ് കൂട്ടിൽ കയറിയത്.