കർലാട് വിനോദ സഞ്ചാര കേന്ദ്രത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു
1509838
Friday, January 31, 2025 6:13 AM IST
കാവുംമന്ദം: കർലാട് വിനോദ സഞ്ചാരകേന്ദരത്തെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. സാക്ഷ്യപത്രം കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു. ഡിടിപിസി നിർവാഹക സമിതി അംഗങ്ങളായ പി.വി. സഹദേവൻ, വിജയൻ ചെറുകര എന്നിവർ മുഖ്യാതിഥികളായി.
കർലാട് വിനോദസഞ്ചാര കേന്ദ്രം മാനേജർ ബൈജു തോമസ് സാക്ഷ്യപത്രം ഏറ്റുവാങ്ങി. തരിയോട് പഞ്ചായത് അംഗം സൂന നവീൻ, കെ.വി. ഉണ്ണിക്കൃഷ്ണൻ, ഡിടിപിസി മാനേജർമാരായ പി.പി. പ്രവീണ്‍, എം.എസ്. ദിനേശൻ, ടി.ജെ. മാർട്ടിൻ എന്നിവർ പ്രസംഗിച്ചു.
മാലിന്യമുക്തമായ പരിസരം, മാലിന്യ സംസ്കരണ ഉപാധികൾ, ദ്രവ മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ടോയ്ലറ്റുകളുടെ ശുചിത്വം, ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കൽ, ജല ലഭ്യത, ഗ്രീൻ ചെക്പോസ്റ്റ് തുടങ്ങിയ മാനദണ്ഡങ്ങൾ പാലിച്ചാണ് ടൂറിസം കേന്ദ്രത്തിന്റെ പ്രവർത്തനം.
സ്വാഭാവിക ആവാസവ്യവസ്ഥ സംരക്ഷിച്ചും സന്ദർശകർക്ക് ആരോഗ്യകരമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും പരിസ്ഥിതി സൗഹൃദ മനോഭാവ നിർമിതിക്ക് അനുകൂലമായ നിയന്ത്രണങ്ങളും നിബന്ധനങ്ങളും ബോധവത്കരണവും ബാധകമാക്കിയും മാലിന്യ സംസ്കരണ മേഖലയിൽ സുസ്ഥിരവും മാതൃകാപരവുമായ സംവിധാനങ്ങൾ ഏർപ്പെടുത്തിയും പ്രവർത്തിക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളെയാണ് ഹരിത വിനോദ സഞ്ചാരകേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നത്.