പനമരം പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു
1509836
Friday, January 31, 2025 6:10 AM IST
പനമരം: പനമരം പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചു. ഇന്നലെ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ ലക്ഷ്മി ആലക്കമുറ്റം വിജയിച്ചു. എൽഡിഎഫിലെ രജിത വിജയനെ 10ന് എതിരേ 12 വോട്ടിനാണ് പരാജയപ്പെടുത്തിയത്. സിപിഎമ്മിലെ പി.എം. ആസ്യയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ്.
പഞ്ചായത്തിൽ എൽഡിഎഫ് 11, യുഡിഎഫ് 11, ബിജെപി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതിൽ ജനതാദൾ-എസ് പ്രതിനിധി ബെന്നി ചെറിയാൻ തൃണമൂൽ കോണ്‍ഗ്രസിൽ ചേർന്ന് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതാണ് എൽഡിഎഫിന് ഭരണം നഷ്ടമാകാൻ കാരണമായത്. ഇന്നലത്തെ തെരഞ്ഞെടുപ്പിൽ ബെന്നി ചെറിയാൻ ലക്ഷ്മിക്ക് വോട്ട് ചെയ്തു. വെള്ളരിവയൽ വാർഡ് അംഗമാണ് ലക്ഷ്മി.