ക്വാറി ഉത്പന്നങ്ങളുടെ വിലക്കയറ്റം നിർമാണ മേഖലയെ തളർത്തുന്നു
1509835
Friday, January 31, 2025 6:10 AM IST
കൽപ്പറ്റ: കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്വാറി നടത്തിപ്പുകാർ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ചത് വയനാട്ടിൽ നിർമാണ മേഖലയെ തളർത്തുന്നു. കല്ല്, മെറ്റൽ, എം സാൻഡ്, പി സാൻഡ് എന്നിവയുടെ വിലയാണ് സമീപ ജില്ലകളിലെ ക്വാറികളിൽ ചതുരശ്ര അടിക്ക് എട്ട് രൂപ വർധിപ്പിച്ചത്. ഇത് വീടുകളുടെയും കെട്ടിടങ്ങളുടെയും നിർമാണച്ചെലവ് വലിയ തോതിൽ ഉയരുന്നതിനു കാരണമായതായി കണ്സ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ(സിഡബ്ല്യുഎസ്എ)ജില്ലാ പ്രസിഡന്റ് കെ.ആർ. രാജേഷ്, വൈസ് പ്രസിഡന്റ് പി. അബു താഹിർ, ട്രഷറർ പി.എം. നിഷാദ്, സംസ്ഥാന കമ്മിറ്റിയംഗം കെ.വി. ഹൈദ്രു എന്നിവർ പറഞ്ഞു.
420 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ നിർമാണത്തിൽ 20,000 രൂപയുടെ അധികച്ചെലവാണ് കണക്കാക്കുന്നത്. ജില്ലയിൽ നിലവിൽ 10ൽ താഴെ ക്വാറികളാണ് പ്രവർത്തിക്കുന്നത്. നേരത്തേ 80 ഓളം ക്വാറികൾ ഉണ്ടായിരുന്നു. പാരിസ്ഥിതിക പ്രശ്നങ്ങളുടെയും മറ്റും പേരിൽ ക്വാറികളിൽ ഏറെയും അടച്ചപ്പോൾ കരിങ്കൽ ഉത്പന്നങ്ങൾക്ക് ഇതര ജില്ലകളിലെയും കർണാടകയിലെയും ക്വാറി-ക്രഷർ യൂണിറ്റുകളെ ആശ്രയിക്കാൻ ജില്ലയിലുള്ളവർ നിർബന്ധിതരായി.
ഈ സാഹചര്യം ഇതര ജില്ലകളിലെ ക്വാറി-ക്രഷർ ഉടമകൾ മുതലെടുക്കുകയാണ്. കൂലിച്ചെലവിലെ വർധന അടക്കം കാരണങ്ങൾ ഇല്ലാതെയാണ് ഇതര ജില്ലകളിലെ ക്വാറി-ക്രഷർ നടത്തിപ്പുകാർ ഉത്പന്നങ്ങളുടെ വില കൂട്ടിയത്. ഉത്പന്നങ്ങളുടെ വില വർധിപ്പിച്ച നടപടി പുനഃപരിശോധിക്കാൻ ക്വാറി-ക്രഷർ നടത്തിപ്പുകാർ തയാറാകാത്തപക്ഷം കോഴിക്കോട് ഭാഗത്തുനിന്നു കല്ല്, മെറ്റൽ, എം സാൻഡ് എന്നിവയുമായി വരുന്ന വാഹനങ്ങൾ ലക്കിടിയിൽ തടയും.
നിലവാരം കുറഞ്ഞതാണ് ജില്ലയ്ക്കു പുറത്തുനിന്നു എത്തുന്ന എം സാൻഡ്. ഇത് വീടുകളുടെയും കെട്ടിടങ്ങളുടെയും മറ്റും ദീർഘകാല കെട്ടുറപ്പിനെ ബാധിക്കും. ജില്ലയിൽ പാരിസ്ഥിതിക പ്രദേശങ്ങളിലെ ക്വാറികൾ തുറന്നുപ്രവർത്തിപ്പിക്കുന്നതിനും പുഴകളിലെയും കരസ്ഥലങ്ങളിലെയും മണൽ തദ്ദേശ സ്ഥാപനങ്ങളുടെ നിബന്ധനകൾക്കു വിധേയമായി ഖനനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്നു സിഡബ്ല്യുഎസ്എ ഭാരവാഹികൾ ആവശ്യപ്പെട്ടു.