ഉരുൾ ദുരന്തം: പുനരധിവാസ പദ്ധതി ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടൻ : മന്ത്രി കെ. രാജൻ
1509799
Friday, January 31, 2025 5:18 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തം പുനരധിവാസപദ്ധതി ഗുണഭോക്താക്കളുടെ ആദ്യ പട്ടിക ഉടൻ പ്രസിദ്ധീകരിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. കളക്ടറേറ്റ് മിനി കോണ്‍ഫറൻസ് ഹാളിൽ പുനരധിവാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്തതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുണഭോക്താക്കളുടെ ആദ്യ ലിസ്റ്റ് തയാറാണെങ്കിലും 15ഓളം കാര്യങ്ങളിൽ ജില്ലാ ഭരണകുടം വ്യക്തത ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വ്യക്തത വരുത്തുകയും നിയമ വിഭാഗം അംഗികരിക്കുകയും ചെയ്തിട്ടുണ്ട്.
ശാസ്ത്രജ്ഞൻ ജോണ്‍ മത്തായിയുടെ നേതൃത്വത്തിൽ ദുരന്തപ്രദേശത്ത് ഗോ, നോ ഗോ സോണ്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചുള്ള "എ’ ലിസ്റ്റിൽ നോ ഗോ സോണിൽ നേരിട്ട് ഉൾപ്പെടുന്നതും "ബി’ ലിസ്റ്റിൽ നോ ഗോ സോണ്‍ ഉള്ളതിനാൽ ഒറ്റപ്പെട്ടുപോകുന്ന പ്രദേശത്തെയും കുടുംബങ്ങളാണുള്ളത്.
ലിസ്റ്റ് ബിയിൽ ഉൾപ്പെടുന്നരുടെ പ്രശ്നം ചിലേടങ്ങളിൽ വഴിയില്ലാത്തതിനാൽ ഒറ്റപ്പെട്ടു എന്നതാണ്. അവരുടെ പ്രശ്നം പഠിക്കുന്നതിന് അടുത്ത ദിവസങ്ങളിൽ പഞ്ചായത്ത് എൻജിനിയറിംഗ് വിഭാഗം, പി ബ്ല്യുഡി നിരത്ത് വിഭാഗം, കെആർഎഫ്ബി എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി ജില്ലാ കളക്ടർക്ക് സമർപ്പിക്കും.
ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട് നഷ്ടപരിഹാരമോ ടൗണ്‍ഷിപ്പിൽ വീടോ ലഭിക്കുന്നവർക്ക് ദുരന്തപ്രദേശത്തെ വീടും കെട്ടിടവും ഉപയോഗിക്കാൻ അനുവാദം ഉണ്ടാകില്ല. നഷ്ടപരിഹാരം വാങ്ങാൻ താത്പര്യമുള്ളവരുടെ അഭിപ്രായവും തേടിയ ശേഷമാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേറെ വീടുണ്ടെങ്കിൽ ഏത് ലിസ്റ്റിൽപ്പെടുത്തും എന്നതു പരിശോധിക്കേണ്ടതാണ്.
എല്ലാ അംഗങ്ങളും നഷ്ടമായ കുടുംബങ്ങളുടെ തുടർച്ചാവകാശികളെ എങ്ങനെ നിശ്ചയിക്കും എന്നതും പരിഹരിക്കേണ്ട വിഷയമാണ്. കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ആക്ഷേപം സ്വീകരിക്കാൻ 10 ദിവസം നൽകും. സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനു നടപടികൾ സ്വീകരിക്കും.
ദുരന്തബാധിതരുടെ കടബാധ്യത സംബന്ധിച്ച പൂർണ പട്ടിക ഫെബ്രുവരി അഞ്ചിന് കളക്ടർ സർക്കാരിനു സമർപ്പിക്കും. ടൗണ്‍ഷിപ്പ് പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. രണ്ട് എസ്റ്റേറ്റുകളിലും ടോപ്പോഗ്രാഫിക്ക് സർവേ പൂർത്തിയാക്കി. ജിയോഗ്രാഫിക്കൽ സർവേ പുരോഗതിയിലാണ്.
ഹൈഡ്രോളജിക്കൽ സർവേ 50 ശതമാനം വീതം പൂർത്തിയായി. സോയിൽ ടെസ്റ്റ് എൽസ്റ്റണ്‍ എസ്റ്റേറ്റിൽ 11 ഭാഗത്ത് നടത്തി. വെള്ളത്തിന്റെ സാംപിൾ കളക്ഷനുമായി ബന്ധപ്പെട്ട നടപടികൾ ഫെബ്രുവരി അഞ്ചിനകം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. കളക്ടർ ഡി.ആർ. മേഘശ്രി, സബ്കള്ക്ടർ മിസാൽ സാഗർ ഭാരത്, എഡിഎം കെ. ദേവകി, സ്പെഷൽ ഓഫീസർ ഡോ.ജെ.ഒ. അരുണ്‍ എന്നിവർ യോഗത്തിൽ പങ്കെടുത്തു.