ഡോക്ടർമാർ ആവശ്യത്തിനില്ല; തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തുന്നവർ വലയുന്നു
1509827
Friday, January 31, 2025 6:10 AM IST
കൽപ്പറ്റ: ഡോക്ടർമാർ ആവശ്യത്തിന് ഇല്ലാത്തതും ഉള്ളവരുടെ സേവനം കൃത്യസമയം ലഭിക്കാത്തതും തരിയോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തുന്നവരെ വലയ്ക്കുന്നു. ഡോക്ടർമാരുടെ നാല് തസ്തികകളാണ് കുടുംബാരോഗ്യകേന്ദ്രത്തിൽ. ഇതിൽ ആർദ്രം മിഷൻ നോഡൽ ഓഫീസർ ചുമതലയുള്ള ഡോക്ടറുടെ സേവനം ആശുപത്രിയിൽ ലഭിക്കുന്നില്ല.
മറ്റു മൂന്നു പേരിൽ ഒരാൾ അടുത്ത ദിവസം വിരമിക്കാനിരിക്കയാണ്. സായാഹ്ന ഒപിയിൽ ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടറുടെ സേവനം ഉച്ചകഴിഞ്ഞ് രണ്ട് മുതൽ വൈകുന്നേരം ആറുവരെയാണ് ലഭിക്കുന്നത്.
1965ൽ ആരംഭിച്ചതാണ് തരിയോട് ഗവ.ആശുപത്രി. സമീപകാലത്താണ് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തിയത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് പ്രവർത്തനം. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയാണ് കസ്റ്റോഡിയൻ. കെട്ടിടങ്ങൾ അടക്കം ഭൗതിക സാഹചര്യങ്ങൾ ഉണ്ടെങ്കിലും ആശുപത്രിയിൽ നിലവിൽ കിടത്തിച്ചികിത്സയില്ല.
തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, പടിഞ്ഞാറത്തറ, കോട്ടത്തറ പഞ്ചായത്തുകളിൽനിന്നുള്ളവർ കുടുംബാരോഗ്യകേന്ദ്രത്തെ ചികിത്സയ്ക്ക് ആശ്രയിക്കുന്നുണ്ടെന്ന് ബ്ലോക്ക് പഞ്ചായത്ത് തരിയോട് ഡിവിഷൻ അംഗം ഷിബു പോൾ പറഞ്ഞു.
ദിവസം സായാഹ്ന ഒപിയിലടക്കം 400 ഓളം പേരാണ് ചികിത്സയ്ക്ക് എത്തുന്നത്. ഇവരെയെല്ലാം വേണ്ടവിധം പരിശോധിച്ച് മരുന്നുകുറിക്കാൻ ഡോക്ടർമാർക്ക് കഴിയുന്നില്ല. ചിലപ്പോൾ ഡോക്ടർ വൈകിയെത്തുന്നതും രോഗികളുടെ പരാതിക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ ഡോക്ടർ മുക്കാൽ മണിക്കൂറോളം വൈകിയാണ് എത്തിയത്. ഇതു സംബന്ധിച്ച് പരാതി പറയാൻ ബ്ലോക്ക് പഞ്ചായത്തംഗം പലവട്ടം ഫോണ് ചെയ്തിട്ടും ഡിഎംഒ പ്രതികരിച്ചില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
കുടുംബാരോഗ്യകേന്ദ്രം വളപ്പിൽ ഡോക്ടർമാർക്ക് നിർമിച്ച മൂന്ന് ക്വാർട്ടേഴ്സുകളിൽ രണ്ടെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. കാടുമൂടിയിരിക്കയാണ് ആൾത്താമസമില്ലാത്ത ക്വാർട്ടേഴ്സുകളുടെ പരിസരം. 65 തരം പരിശോധനകൾ നടത്താൻ സൗകര്യമുള്ള ലാബോറട്ടറി കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഭാഗമാണ്. 50ൽപരം തരം പരിശോധന ഇവിടെ നടത്തുന്നുണ്ട്. ബ്ലോക്ക് പഞ്ചായത്ത് മുഖേന ലഭ്യമാക്കിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാബോറട്ടറി സജ്ജമാക്കിയത്.
ഡയാലിസിസ് സൗകര്യം ഒരുക്കാൻ ബ്ലോക്ക് പഞ്ചായത്ത് 2022 മുതൽ ബജറ്റിൽ കാൽ കോടി രൂപ വകയിരുത്തുന്നുണ്ടെങ്കിലും വിനിയോഗം നടന്നില്ല. ഡയാലിസ് യൂണിറ്റിന് സർക്കാർ അനുമതി ലഭിക്കാത്തതാണ് കാരണം. കുടുംബാരോഗ്യകേന്ദ്രത്തിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പധികാരികൾക്ക് കത്ത് നൽകിയതായി ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെംബർ പറഞ്ഞു.