സാമൂഹികാരോഗ്യകേന്ദ്രത്തിന്റെ പരിസരത്ത് വെളിച്ചമില്ല; രോഗികൾ ദുരിതത്തിൽ
1497191
Tuesday, January 21, 2025 8:00 AM IST
പുൽപ്പള്ളി: സന്ധ്യമയങ്ങിയാൽ പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രവും പരിസരവും കൂരിരുട്ടിൽ. ആശുപത്രി വളപ്പ് മുതൽ താഴെയങ്ങാടിവരെ വെളിച്ചമില്ലാത്തത് ആശുപത്രിയിലെത്തുന്ന രോഗികളേയും കൂട്ടിരിപ്പിനെത്തുന്നവരെയും പ്രയാസത്തിലാക്കുകയാണ്.
ആശുപത്രിയുടെ മുറ്റത്തുപോലും വെളിച്ച സംവിധാനമൊരുക്കിയിട്ടില്ല. ഇതിനാൽ ആശുപത്രിയിൽ കിടത്തിചികിത്സയിലുള്ള രോഗികൾക്ക് അത്യാവശ്യത്തിനുള്ള ഭക്ഷണസാധനങ്ങളോ മരുന്നോ മറ്റോ വാങ്ങാൻ സ്ത്രീകളടക്കമുള്ള കൂട്ടിരിപ്പുകാർക്ക് സുരക്ഷിതമായി ടൗണിലെത്താൻ മാർഗമില്ല. ടൗണിൽനിന്നു അകലെയുള്ള വിജനമായ ഈ സ്ഥലത്ത് വാഹന സൗകര്യവും എപ്പോഴുമില്ല. ഇത് ആശുപത്രിയിലെത്തുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും ഏറെ വലയ്ക്കുന്നത്. അടുത്ത് മദ്യശാലയുള്ളതിനാൽ ഈ ഭാഗത്ത് സമൂഹവിരുദ്ധരുടെ ശല്യവുമുണ്ട്.
കേടായ തെരുവ് വിളക്കുൾ നന്നാക്കുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകുന്നില്ല. ആശുപത്രി പരിസരത്ത് ഹൈമാസ്റ്റ് ലൈറ്റും റോഡിൽ തെരുവു വിളക്കുകളും സ്ഥാപിക്കണമെന്നാണ് ആവശ്യമുയരുന്നത്.