പ്രഥമ പരിഗണന മടക്കിമല ഭൂമിക്കെന്ന് മുൻ കളക്ടറുടെ റിപ്പോർട്ട്
1497192
Tuesday, January 21, 2025 8:00 AM IST
കൽപറ്റ: വയനാട്ടിൽ മെഡിക്കൽ കോളജിന് അക്കാദമിക് ബ്ലോക്ക് സ്ഥിരമായി സ്ഥാപിക്കുന്നതിന് മടക്കിമലയിൽ സർക്കാർ അധീനതയിലുള്ള ഭൂമിക്ക് പ്രഥമ പരിഗണന നൽകണമെന്ന് മുൻ കളക്ടറുടെ റിപ്പോർട്ട്.
ഒന്നര വർഷം മുൻപ് അന്നത്തെ കളക്ടർ ഡോ. രേണു രാജ് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് പൊതു പ്രവർത്തകൻ വിജയൻ മടക്കിമല വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2023 ജൂണ്‍ 16ന് നൽകിയ റിപ്പോർട്ടിൽ ഭൂമി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കൈമാറണമെന്നും സൂചിപ്പിക്കുന്നുണ്ട്.
2012ൽ വയനാടിനായി ഉമ്മൻ ചാണ്ടി സർക്കാർ പ്രഖ്യാപിച്ച സർക്കാർ മെഡിക്കൽ കോളജ് 13 വർഷമായിട്ടും ബോർഡിൽ മാത്രം ഒതുങ്ങുകയാണ്. ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 55 ഏക്കർ ഭൂമിയിൽ മെഡിക്കൽ കോളജ് നിർമിക്കാനായിരുന്നു തീരുമാനം. സാങ്കേതിക കാരണങ്ങളാൽ ഭൂമി ഏറ്റെടുക്കൽ 2015 വരെ നീണ്ടു. 2016 ൽ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറി.
പിണറായി സർക്കാർ മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള സ്ഥലത്തേക്ക് 2016 ൽ അപ്രോച്ച് റോഡ് ഉദ്ഘാടനം ചെയ്യുകയും പ്രവൃത്തി നടത്തുകയും ചെയ്തു. പ്രാഥമിക പരിശോധയ്ക്കായി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയെ നിയമിക്കുകയും സംഘം സ്ഥലം പരിശോധിച്ച് നിലവിലെ ഭൂപാരിസ്ഥിതിക സാഹചര്യങ്ങളിൽ സ്ഥലം സ്ഥിരത ഉള്ളതാണെന്ന് ശിപാർശ ചെയ്യുകയുമുണ്ടായി.ഭാവിയിലെ പ്രശ്ന സാധ്യതകൾക്കായി വിശദമായ പഠനം വേണമെന്ന് 2018 ഓഗസ്റ്റിൽ ജിയോളജിക്കൽ സർവേയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റു ഭൂമികൾക്കായി അപേക്ഷ ക്ഷണിക്കുകയായിരുന്നു.
പിന്നീട് ചേലോട് എസ്റ്റേറ്റിലെ ചുണ്ടേലിനു സമീപത്തെ ഭൂമി ഏറ്റെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. മാസങ്ങൾക്കു ശേഷം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 2020 ൽ മാനന്തവാടിയിലെ ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആക്കി പ്രഖ്യാപനം നടത്തുകയായിരുന്നു. മാനന്തവാടിയിൽ ഭൂമിക്കായി പരിഗണിച്ച ഏക ഭൂമിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിലാണ് മുന്‍ കളക്ടർ റിപ്പോർട്ട് നൽകിയത്.
നിലവിൽ മെഡിക്കൽ കോളജിന്റെ അധ്യാപന ആശുപത്രിയായി ജില്ലാ ആശ്വപത്രിയെ പരിഗണിക്കാനാണ് നിദേശമെന്നും റിപ്പോർട്ടിലുണ്ട്. 2016 ൽ നഴ്സിംഗ് സ്കൂളിനായി നിർദേശിച്ച കെട്ടിടം മെഡിക്കൽ കോളജ് ഓഫീസിനായി ഉപയോഗിക്കുന്നുണ്ടെന്നും കെട്ടിടത്തിലേക്കുള്ള പ്രവേശനം മോശമായ അവസ്ഥയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഒന്നര മീറ്റർ മാത്രം വീതിയുള്ള ചരൽ റോഡാണെന്നും മണ്ണിടിച്ചിലിനു സാധ്യതയുള്ള, സുരക്ഷിതമല്ലാത്ത ചരിവുള്ള സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും പ്രാഥമിക പരിശോധനയിൽ കെട്ടിടം അപകടകരമായാണ് സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ടിലുണ്ട്.
അയൽ ജില്ലകളിലേക്കുള്ള ചുരം വഴിയുള്ള റോഡുകളും ദൂരവും വിശദീകരിക്കുന്ന റിപ്പോർട്ടിൽ ആണ് മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമിക്ക് പ്രഥമ പരിഗണന നൽകണമെന്നുള്ളത് . മടക്കിമലയിൽ തന്നെ മെഡിക്കൽ കോളജിനുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്നും വിജയൻ മടക്കിമല ആവശ്യപ്പെട്ടു.