വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു
1497181
Tuesday, January 21, 2025 8:00 AM IST
ഗൂഡല്ലൂർ: ഗൂഡല്ലൂർ നഗരത്തിലെ വഴിയോര കച്ചവടക്കാരെ നഗരസഭയും പോലീസും ചേർന്ന് ഒഴിപ്പിച്ചു. നടപ്പാതകൾ കയ്യേറി കച്ചവടം നടത്തിവന്ന തെരുവോര കച്ചവടക്കാരെയാണ് ഒഴിപ്പിച്ചത്.
പാതയോരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ട്രാഫിക് പോലീസ് നിരോധിച്ചു. വ്യാപാര സ്ഥാപനങ്ങൾക്ക് മുന്പിൽ ഇനി മുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യുകയും, തെരുവോര കച്ചവടക്കാർ വ്യാപാരം നടത്തുകയും ചെയ്യുന്നതിനാൽ വലിയ വാഹനങ്ങൾക്ക് നഗരത്തിലൂടെ സഞ്ചരിക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. റോഡിന് വീതി കുറവായതിനാൽ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ ദിവസം അപകടത്തിൽ രണ്ട് മരണവും സംഭവിച്ചു. ഇതേത്തുടർന്ന് നാട്ടുകാരും വ്യാപാരികളും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.
ഇതേത്തുടർന്നാണ് നഗരസഭാ അധികൃതരും പോലീസും ഇടപ്പെട്ട് ഫുട്പാത്ത് കച്ചവടക്കാരെ ഒഴിപ്പിക്കുകയും നഗരത്തിൽ റോഡോരത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിരോധനം ഏർപ്പെടുത്തിയത്.
ഗൂഡല്ലൂർ ഡിവൈഎസ്പി വസന്തകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് ഇന്നലെ രാവിലെ തെരുവോര കച്ചവടക്കാരെ ഫുട്പാത്തുകളിൽ നിന്ന് ഒഴിപ്പിച്ചത്.