വൈത്തിരി താലൂക്ക് ആശുപത്രി ഇ ഹെൽത്ത് സംവിധാനത്തിലേക്ക്
1496843
Monday, January 20, 2025 6:11 AM IST
വൈത്തിരി: താലൂക്ക് ആശുപത്രി ഇ ഹെൽത്ത് സംവിധാനത്തിലേക്ക്. ഇഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ ആശുപത്രിയിലെത്തുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓണ്‍ലൈനായി സൂക്ഷിക്കാനും കാർഡിലെ ബാർകോഡ് സ്കാൻ ചെയ്ത് ഡോക്ടർമാർക്ക് എളുപ്പത്തിൽ രോഗികളുടെ വിവരങ്ങൾ ലഭ്യമാക്കി ഫലപ്രദമായി ചികിത്സ ഉറപ്പാക്കാനും സാധിക്കും. സംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ ഇ ഹെൽത്ത് സംവിധാനം ഗുണകരമാകും.
രോഗികളുടെ മുൻകാല രോഗ വിവരങ്ങൾ, പാരന്പര്യ അസുഖ വിവരങ്ങൾ, താമസ സ്ഥലത്തെ കുടിവെള്ള, മാലിന്യ വിവരങ്ങൾ അടങ്ങിയ വിശദാംശങ്ങൾ ശേഖരിക്കുന്നതിലൂടെ പൊതുജനാരോഗ്യ രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. പദ്ധതിയുടെ ആദ്യഘട്ട ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ്(യുഎച്ച്ഐഡി) വിതരണം ഉദ്ഘാടനം ആശുപത്രിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് ഫൗസിയ, ആശുപത്രി സൂപ്രണ്ട് ഡോ.ഷിജിൻ ജോണ്‍, എച്ച്എംസി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു. ആധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് യുഎച്ച്ഐഡി കാർഡ് നൽകുന്നത്.