സ്പോർട്സ് സ്കൂൾ സെലക്ഷൻ ട്രയൽസ്
1496847
Monday, January 20, 2025 6:11 AM IST
കൽപ്പറ്റ: സംസ്ഥാന സ്പോർട്സ് കൗണ്‍സിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് സ്കൂളുകളിലേക്കും സ്പോർട്സ് അക്കാദമികളിലേക്കുമുള്ള സെലക്ഷൻ ട്രയൽസ് ആരംഭിച്ചതായി കായിക വകുപ്പ് അറിയിച്ചു.
കായിക വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, തൃശൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും സ്പോർട്സ് കൗണ്‍സിലിന്റെ കീഴിലുള്ള വിവിധ സ്കൂളുകൾ, സ്പോർട്സ് അക്കാഡമികളിലേക്കുമാണ് സെലക്ഷൻ ട്രയൽസ് നടക്കുന്നത്. ആറ്, ഏഴ്, എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് നേരിട്ടാകും സെലക്ഷൻ. ഒന്‍പത്, പത്ത് ക്ലാസ്സുകളിൽ ഒഴിവുള്ള സീറ്റുകളിൽ ലാറ്ററൽ എൻട്രിയിലൂടെയാണ് പ്രവേശനം.
അത്ലറ്റിക്സ്, ബാസ്ക്കറ്റ് ബോൾ, ബോക്സിംഗ്, ഹോക്കി, ജൂഡോ, വോളിബോൾ, റെസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും സെലക്ഷൻ നടത്തും. ഫുട്ബോളിലും തയ്ക്വാണ്ടോയിലും പെണ്‍കുട്ടികൾക്ക് മാത്രമാകും അവസരം. ആറ്, ഏഴ് ക്ലാസുകളിലേക്കുള്ള കുട്ടികളെ കായികക്ഷമതയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുക്കുക. എട്ട്, പ്ലസ് വണ്‍ ക്ലാസുകളിലേക്ക് കായിക ഇനത്തിലെ മികവിന്റെ അടിസ്ഥാനത്തിൽ കൂടിയാകും അവസരം ലഭിക്കുക.
സംസ്ഥാന തലത്തിൽ മെഡൽ നേടിയവർക്കും തത്തുല്യ പ്രകടനം കാഴ്ചവച്ചവർക്കും മാത്രമേ ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി ട്രയൽസിൽ പങ്കെടുക്കാനാകൂ.ജില്ലയിലെ സെലക്ഷൻ ട്രയൽസ് 21ന് കൽപ്പറ്റ എസ്കഐംജെ എച്ച്എസ്എസ് സ്റ്റേഡിയത്തിൽ നടക്കും.
സെലക്ഷനിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികൾ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫും അവർ പങ്കെടുക്കുന്ന കായിക ഇനങ്ങൾക്കുള്ള വേഷങ്ങളുമായി രാവിലെ ഒന്‍പതിന് ട്രയൽസ് നടക്കുന്ന സ്റ്റേഡിയത്തിൽ എത്തണം. വെബ്സൈറ്റിൽ സെലക്ഷൻ ട്രയൽസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.