വിളവെടുപ്പുകാലത്ത് ഇരുട്ടടി : ഇഞ്ചിവില കുറഞ്ഞു; കർഷകർ പ്രതിസന്ധിയിൽ
1496842
Monday, January 20, 2025 6:11 AM IST
കൽപ്പറ്റ: വിളവെടുപ്പ് കാലത്ത് ഇഞ്ചിവില കുറഞ്ഞത് ഇതര സംസ്ഥാനങ്ങളിൽ ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന കർഷകരെ പ്രതിസന്ധിയിലാക്കി. നിലവിൽ ഇഞ്ചി ചാക്കിന്(60 കിലോ)1,250 രൂപയാണ് വില.
ഇതിന്റെ ഇരട്ടിയാണ് ഒരു ചാക്ക് ഇഞ്ചിയുടെ ഉത്പാദനച്ചെലവ്. 2024 ഓഗസ്റ്റിൽ ഇഞ്ചി ചാക്കിന് 9,000 രൂപ വില ലഭിച്ചിരുന്നു. ഒക്ടോബറിൽ ഇത് 12,000 രൂപയായി. ഈ ഘട്ടത്തിൽ വിളവെടുക്കാനും വിൽക്കാനും കൃഷിക്കാരിൽ പലരുടെയും പക്കൽ ഇഞ്ചി ഉണ്ടായിരുന്നില്ല. 2024 ഡിസംബറിനുശേഷമാണ് ഇഞ്ചിവില കുറയാൻ ആരംഭിച്ചത്.
കഴിഞ്ഞവർഷം ഉയർന്ന വിലയ്ക്ക് വിത്ത് വാങ്ങിയാണ് കർഷകരിൽ പലരും കൃഷിയിറക്കിയത്. കർണാടകയലും തമിഴ്നാട്ടിലും ഉയർന്ന മുതൽമുടക്കിലാണ് കൃഷി. വലിയ തുകയാണ് വാർഷിക പാട്ടമായി നൽകേണ്ടിവരുന്നത്. കൂലിച്ചെലവും വർധിച്ചു. ഇതര സംസ്ഥാനങ്ങളിൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ആയിരക്കണക്കിനു മലയാളി കർഷകരുണ്ട്.
ചാക്കിന് 3,000 രൂപയെങ്കിലും വില ലഭിച്ചാലേ ഇഞ്ചിക്കൃഷി മുതലാകൂവെന്ന് കർഷകർ പറയുന്നു. നിലനിൽപ്പിനു പ്രയാസപ്പെടുന്ന കർഷകരെ സഹായിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് നാഷണൽ ഫാർമേഴ്സ് ആൻഡ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.