വരൾച്ചയിൽ കൃഷി നശിച്ച കർഷകർക്ക് ഒരു വർഷം കഴിഞ്ഞിട്ടും നഷ്ടപരിഹാരം നൽകാൻ നടപടിയില്ലെന്ന്
1497194
Tuesday, January 21, 2025 8:00 AM IST
പുൽപ്പള്ളി: കഴിഞ്ഞ ഏപ്രിൽ, മേയ് മാസത്തിൽ ഉണ്ടായ രൂക്ഷമായ വരൾച്ചയിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ ഒരു വർഷമായിട്ടും കൃഷി വകുപ്പിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാകുന്നില്ലെന്ന് പരാതി. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ ഹെക്ടർ കണക്കിന് കൃഷിയിടങ്ങളാണ് കരിഞ്ഞുണങ്ങിയത്.
കർഷകരുടെ ആദായം ലഭിച്ചു കൊണ്ടിരുന്ന കമുക്, കുരുമുളക്, കാപ്പി, ഏലം, വാഴ തുടങ്ങിയ കൃഷികൾ വരൾച്ചയിൽ കരിഞ്ഞുണങ്ങിയതോടെ സാന്പത്തിക പ്രതിസന്ധിമൂലം കൃഷിയിൽ നിന്ന് പിൻമാറേണ്ട അവസ്ഥയാണ് കർഷകർക്ക്.
വരൾച്ചയിൽ കൃഷിനശിച്ച കർഷകരുടെ കൃഷിയിടങ്ങൾ മന്ത്രിമാർ ഉൾപ്പെടെ നേരിട്ടെത്തി വരൾച്ച ബോധ്യപ്പെട്ടതിനെ തുടർന്ന് കൃഷിനാശം ഉണ്ടായ കർഷകർക്ക് അടിയന്തര സഹായം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതേത്തുടർന്ന് നൂറ് കണക്കിന് കർഷകരാണ് നഷ്ടപരിഹാരത്തിനായി അപേക്ഷ നൽകിയത്. ജില്ലയിലെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ കൃഷിനാശം ഉണ്ടായ കൃഷിയിടങ്ങൾ സന്ദർശിച്ച് നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തിയിരുന്നു.
എന്നാൽ നഷ്ടപരിഹാരം ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിൽ കാത്തിരുന്ന കർഷകർക്ക് ഒരു വർഷമായിട്ടും നഷ്ടപരിഹാരം നൽകാൻ നടപടി ഉണ്ടായിട്ടില്ല. അടിയന്തരമായി കൃഷി നശിച്ച കർഷകർക്കുള്ള സാന്പത്തിക സഹായം വേഗത്തിൽ വിതരണം ചെയ്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് രൂപം നൽകാനുള്ള തയാറെടുപ്പിലാണ് കർഷക സംഘടനകൾ. കൃഷികൾ പൂർണമായും നശിച്ചതോടെ കൃഷിയാവശ്യങ്ങൾക്കായി ബാങ്കിൽ ലോണ് എടുത്തകർഷകർക്ക് വായ്പ തിരിച്ചടവിന് കഴിയാത്ത അവസ്ഥയിലുമാണ്.