ബത്തേരി താലൂക്ക് ആശുപത്രി വികസനം സിപിഎം അട്ടിമറിക്കുന്നെന്ന്
1497183
Tuesday, January 21, 2025 8:00 AM IST
സുൽത്താൻ ബത്തേരി: താലൂക്ക് ആശുപത്രി ജില്ല ആശുപത്രിയാക്കി ഉയർത്താൻ വകുപ്പ് മന്ത്രിക്ക് താത്പര്യമുണ്ടെന്നും എന്നാൽ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസിലിരിക്കുന്ന ചിലർക്കാണ് എതിർപ്പെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ.
ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്താനുള്ള നീക്കം സിപിഎം അട്ടിമറിക്കുകയാണെന്നാരോപിച്ച് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനുമുന്നിൽ യുഡിഎഫ് ജനപ്രതിനിധികൾ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങണമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് സർക്കുലർ അയച്ചിരുന്നു. എന്നാൽ ഈ സർക്കുലർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അജണ്ടയിൽ വച്ചിട്ടും ചർച്ചയ്ക്കെടുക്കാൻ തയാറായില്ല. ഇത് സിപിഎം ഏരിയ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്നാണെന്നും യുഡിഎഫ് ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്നമുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും യുഡിഎഫ് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തിയത്. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതിഷ് അധ്യക്ഷത വഹിച്ചു.
എം.എ. അസൈനാർ, ഡി.പി. രാജശേഖരൻ, അബ്ദുള്ള മാടക്കര, പി.പി. അയൂബ്, അമൽ ജോയ്, ബ്ലോക്ക് അംഗങ്ങളായ മണി ചോയ്മൂല, എ.എസ്. വിജയ, പ്രസന്ന, പുഷ്പ അനൂപ് തുടങ്ങിയവർ പ്രസംഗിച്ചു.