മനുഷ്യജീവന് സംരക്ഷണം നൽകണം: കത്തോലിക്ക കോണ്ഗ്രസ്
1496849
Monday, January 20, 2025 6:11 AM IST
മീനങ്ങാടി: മനുഷ്യജീവനും വളർത്തുമൃഗങ്ങൾക്കുമെതിരേ അടിക്കടിയുണ്ടാകുന്ന വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് മീനങ്ങാടി അസീസി പള്ളിയിൽചേർന്ന കത്തോലിക്ക കോണ്ഗ്രസ് ബത്തേരി ഫൊറോന സമിതിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ കൊന്നൊടുക്കുന്ന മനുഷ്യനും വളർത്തുമൃഗങ്ങൾക്കും നശിപ്പിക്കുന്ന കാർഷിക വിളകൾക്കും നാമമാത്രമായ നഷ്ടപരിഹാരംനൽകി ജനങ്ങളെ നിശബ്ദരാക്കുന്ന പതിവുതന്ത്രങ്ങളിൽനിന്ന് പിൻമാറി വന്യമൃഗങ്ങളെ വനത്തിനുള്ളിൽത്തന്നെ നിർത്തുന്നതരത്തിൽ വനാതിർത്തി നിശ്ചയിക്കുകയും വേലികെട്ടിത്തിരിക്കുകയും ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.
വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ആനയുടെയും കടുവയുടെയും ആക്രമണങ്ങൾ നിരന്തരം കൂടിവരികയാണ്. കാർഷികവിളകൾ നശിപ്പിക്കപ്പെടുന്നതിന് അർഹമായ നഷ്ടപരിഹാരംപോലും കിട്ടുന്നില്ല. ഒൗദാര്യമെന്നപോലെ തൃച്ഛമായ തുക നൽകി അധികാരികൾ ജനങ്ങളെ കബളിപ്പിക്കുന്നു. മനുഷ്യജീവന് ആവശ്യമായ പ്രാധാന്യമോ സുരക്ഷയോ ലഭിക്കുന്നില്ലെന്നും യോഗം വിലയിരുത്തി.
ഫാ. ജോമോൻ ഉപ്പുവീട്ടിൽ യോഗം ഉദ്ഘാടനം ചെയ്തു. ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. ഫാ. ജോസ് മേച്ചേരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ജോണ്സണ് തൊഴുത്തിങ്കൽ, തോമസ് പട്ടമന, സാജു പുലിക്കോട്ടിൽ, ജോയി പുളിക്കൽ, രാജു മീനങ്ങാടി, ചാൾസ് വടാശേരിൽ എന്നിവർ പ്രസംഗിച്ചു.